ലോക വനിതദിനത്തില്‍ സംസ്ഥാനത്തെ സ്റ്റേഷനുകള്‍ പെണ്‍ പോലീസുകാരുടെ നിയന്ത്രണത്തില്‍

news123

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ വനിത ദിനത്തിലും പുത്തന്‍ ആശയം നടപ്പാക്കുന്നു. വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളുടെ നിയന്ത്രണം വനിത പൊലീസുകാര്‍ക്ക് വിട്ടു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും പരമാവധി പ്രാധാന്യം നല്‍കിയുള്ള സര്‍ക്കാര്‍ നയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആശയം നടപ്പാക്കുന്നത്. ആശയം പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ജില്ല പൊലീസ് മേധാവികള്‍ക്കും റേഞ്ച് ഐ.ജിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ വനിത സി.ഐ, എസ്.ഐമാരുടെ എണ്ണം, അവരെ നിയമിക്കാന്‍ കഴിയുന്ന സ്‌റ്റേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഡി.ജി.പി ആരാഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 55,000-ത്തോളം പൊലീസുകാരില്‍ ഒരു വനിത ഡിവൈ.എസ്.പി, 22 വനിത സി.ഐ, 167 എസ്.ഐമാര്‍ മാത്രമാണുള്ളത്.

ഇവരെവേണം സംസ്ഥാനത്ത് 471 ലോക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ഒരു ദിവസത്തേക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്.എച്ച്.ഒ) ആക്കേണ്ടത്. സംസ്ഥാനത്തെ വനിതാ പൊലീസുമാരുടെ എണ്ണമനുസരിച്ച് എല്ലാ സ്‌റ്റേഷനുകളിലും വനിത ഓഫിസര്‍മാരെ നിയമിക്കാന്‍ കഴിയില്ലെങ്കിലും കഴിയുന്നത്ര ഇടങ്ങളില്‍ അവരെ എസ്.എച്ച്.ഒമാരായി നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Top