മൂന്നാം ലോക മഹായുദ്ധം വരാന്‍ പോകുന്നു ! സമൂഹത്തില്‍ ‘അക്രമവും അസംതൃപ്തിയും’: മോഹൻ ഭാഗവത്

അഹമ്മദാബാദ്: മൂന്നാം ലോക മഹായുദ്ധം ‘മറ്റൊരു രൂപത്തില്‍’ നടക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.ശനിയാഴ്ച ഗുജറാത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

”ലോകം അടുത്തുവന്നിരിക്കുന്നു, എന്നാല്‍ ഈ പ്രക്രിയയില്‍ രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നു, മൂന്നാമത്തേതിന്റെ ഭീഷണി ഉയരുകയാണ്. മൂന്നാമത്തേത് മറ്റൊരു രൂപത്തില്‍ നടക്കുന്നുവെന്ന് പറയപ്പെടുന്നു, ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇന്നത്തെ ലോകത്ത് ആരും സന്തുഷ്ടരാണെന്ന് തോന്നുന്നില്ലെന്നും എല്ലാവരും എന്തെങ്കിലും കാര്യങ്ങളില്‍ പ്രക്ഷോഭം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അക്രമവും അസംതൃപ്തിയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മില്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുന്നു. കുട്ടികളും അധ്യാപകരും പ്രതിഷേധിക്കുന്നു. എല്ലാവരും അസന്തുഷ്ടരും അസംതൃപ്തരുമാണെന്നും ഭാഗവത് പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത് നൂറ് വര്‍ഷം മുമ്പ് ഒരാള്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത പുരോഗതിയാണ്. ആഗോള വിപണിയെന്ന ആശയത്തെ കുറിച്ച് വീണ്ടും സംസാരിക്കേണ്ട സമയമാണ് വരുന്നത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഭാഗവത് അവകാശപ്പെട്ടു.

വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന യുവജനതയേയും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്നും അറിവ് നേടുന്നതിന് രാജ്യത്തെ യുവാക്കള്‍ക്ക് താല്‍പര്യമില്ലെന്നും വിദേശരാജ്യങ്ങളില്‍ പോകാനാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top