വേൾഡ് ട്രേഡ് സെന്റർ ആക്രമണം, സൗദിയെ പ്രതിക്കൂട്ടിലാക്കി റിച്ചാർഡ്

സൗദിക്കെതിരായ എഫ്.ബി.ഐ ഏജന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകരാജ്യങ്ങള്‍.

അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ സൗദിക്ക് പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ പങ്കെടുത്ത എഫ്.ബി.ഐ ഏജന്റ് റിച്ചാര്‍ഡ് ലാംബെര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച അന്വേഷണ ഏജന്‍സികളില്‍ ഒന്നാണ് അമേരിക്കയുടെ എഫ്.ബി.ഐ. അതുകൊണ്ടു തന്നെ ഈ കണ്ടെത്തലുകള്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.

സൗദി ബന്ധം കണ്ടെത്താന്‍ എഫ്.ബി.ഐ അന്വേഷണ സംഘം അതീവ രഹസ്യമായാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം അവസാനിപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെയാണ് ഈ വെളിപ്പെടുത്തല്‍ നല്‍കി വരുന്നത്.

ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ സൗദിയുടെ പങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നാണ് അന്വേഷണങ്ങളില്‍ പങ്കെടുത്ത എഫ്ബിഐ ഏജന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓപ്പറേഷന്‍ എന്‍കോര്‍ എന്നുപേരിട്ട് നടന്ന എഫ്ബിഐ അന്വേഷണം പൂര്‍ണ്ണമായും രഹസ്യമായാണ് അരങ്ങേറിയിരുന്നത്. 2001ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ അന്വേഷണവും ആരംഭിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് മാഗസിനും, പ്രോപബ്ലിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് വിവരങ്ങളിപ്പോള്‍ പുറത്തായിരിക്കുന്നത്.

അന്‍പതോളം എഫ്ബിഐ ഏജന്റുമാരുമായി അഭിമുഖം നടത്തിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ മുന്‍ ഏജന്റുമാരും ഉള്‍പ്പെടും.അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്ന പല വിവരങ്ങളും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രധാന ബന്ധങ്ങള്‍ പരിശോധിച്ച് സൗദി അറേബ്യയുടെ പങ്ക് വെളിപ്പെടുത്താന്‍ സാധിക്കുമായിരുന്ന വിഷയങ്ങളില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നാണ് ഏജന്റുമാര്‍ പറയുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ നയിച്ച എഫ്ബിഐ ഏജന്റ് റിച്ചാര്‍ഡ് ലാംബെര്‍ട്ട് വിശ്വസിക്കുന്നത് പ്രകാരം തങ്ങള്‍ക്ക് ലഭിച്ച തെളിവുകള്‍ സൗദി ബന്ധം വെളിപ്പെടുത്താന്‍ പര്യാപ്തമാണ് എന്നതാണ്. പൂര്‍ണമായും സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെങ്കിലും പുറത്തുവിടാന്‍ കഴിയുന്നതാണ് ഇവയെന്നാണ് അദ്ദേഹം പറയുന്നുത്.

അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ സത്യം മറച്ചുവെയ്ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ലാംബെര്‍ട്ട് പറഞ്ഞു. ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങള്‍ക്ക് അന്വേഷണങ്ങളുടെ ഫയല്‍ കൈമാറുമെന്ന് പ്രസിഡന്റ് ട്രംപ് മുന്‍പ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്. അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സൗദി നയതന്ത്രജ്ഞന്റെ പേര് പുറത്തുവിടാന്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും അതും നടപ്പായില്ല. ട്രംപിന്റെ ഒരു നാടകമായും ഈ നീക്കത്തെ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നുണ്ട്. സൗദി പ്രധാനികളായ ഒമര്‍ അല്‍ ബയൗമി, മൊഹ്ദര്‍ അബ്ദുള്ള എന്നിവര്‍ക്ക് വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയവരുമായി മുന്‍കൂര്‍ ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.

സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ ഇരകളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ കേസ് മാന്‍ഹാട്ടന്‍ കോടതി മുന്‍പ് തള്ളിക്കളഞ്ഞിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ജോര്‍ജ് ഡാനിയല്‍സ് അന്ന് ഉത്തരവിട്ടിരുന്നത്.

ഭീകരാക്രമണത്തിനായി സൗദി രാജകുമാരന്‍ പണം നല്‍കി എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് കോടതി തള്ളിയിരുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രാജകുമാരനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്.

3000ത്തോളം ആളുകള്‍ കൊല്ലപ്പെട്ട സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം നടത്തിയ 19 ല്‍ ഭൂരിപക്ഷം പേരും സൗദി പൗരന്‍മാരായിരുന്നു.

ഇത് രണ്ടാം തവണയാണ് സൗദിക്കെതിരായ ആരോപണങ്ങളെ അമേരിക്കന്‍ കോടതി തള്ളിക്കളഞ്ഞിരുന്നത്. ഭീകരാക്രമണം അന്വേഷിച്ച അമേരിക്കന്‍ കമ്മീഷനും ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്ക് തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നാല്‍ എഫ്ബിഐ ഉദ്യോഗസ്ഥരുടെ പുതിയ വെളിപ്പെടുത്തലോടെ ഈ വിഷയമിപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. വഴിത്തിരിവാകുന്ന വെളിപ്പെടുത്തലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ ഇതിനെ വിലയിരുത്തിയിരിക്കുന്നത്.

നിലവില്‍ വളരെ അടുത്ത ബന്ധമാണ് സൗദിക്ക് അമേരിക്കയുമായുള്ളത്. പുറത്ത് വരുന്ന വിവരങ്ങള്‍ ഈ ബന്ധത്തെ ബാധിക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. സൗദിയുടെ കൂടി താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് ഇറാനെതിരായ നീക്കങ്ങള്‍ അമേരിക്കയിപ്പോള്‍ നടത്തി വരുന്നത്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികരുടെ നിലനില്‍പ്പും സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളെ ആശ്രയിച്ചാണ്. അമേരിക്കയുടെ പിന്തുണയിലാണ് ഈ രാജ്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ ആദ്യം ദുബായ് ആക്രമിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഹൂതി വിമതരുടെ ആക്രമണങ്ങളെ സൗദി പ്രതിരോധിക്കുന്നതും അമേരിക്കന്‍ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ്.

മാത്രമല്ല, പശ്ചിമേഷ്യയിലെ അമേരിക്കയുടെ തന്ത്രപ്രധാനിയായ പങ്കാളി കൂടിയാണ് സൗദി. അറബ് രാഷ്ട്രങ്ങളുടെ നായക സ്ഥാനം വഹിക്കുന്ന സൗദിയെ ഒരു കാരണവശാലും കൈവിടാന്‍ അമേരിക്കക്ക് കഴിയുകയില്ല. അതോടൊപ്പം തന്നെ അമേരിക്കയിലെ ജനവികാരം കണ്ടില്ലന്ന് നടിക്കാനും ഭരണകൂടത്തിന് ഇനി കഴിയില്ല.

ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ ട്രംപ് ഭരണകൂടം.പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ഇനി നിര്‍ണ്ണായകമാകും.

ഭീകരാക്രമണം മുന്‍ നിര്‍ത്തി വോട്ടെടുപ്പില്‍ വൈകാരികമായി തന്നെ ജനങ്ങള്‍ പ്രതികരിക്കാനുള്ള സാധ്യതയും ഇതോടെ വര്‍ധിച്ചിട്ടുണ്ട്.

Staff Reporter

Top