ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ(2021-23) പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള 14 പോയിന്റാണ് കോലിപ്പടയ്ക്ക് കരുത്തായത്. 58.33 ആണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. ട്രെന്‍ഡ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്സിലെ രണ്ടാം കളി ഇന്ത്യ വിജയിച്ചിരുന്നു.

12 പോയിന്റും 50.00 വീതം പോയിന്റ് ശരാശരിയുമായി പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസുമാണ് ഇന്ത്യക്ക് പിന്നില്‍. ഇരുവരും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനും വിന്‍ഡീസും ഓരോ മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ 0-1ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടാണ് രണ്ട് പോയിന്റ് മാത്രമായി തൊട്ടടുത്ത സ്ഥാനത്ത്.

ട്രെന്‍ഡ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയിലായ ശേഷം ലോര്‍ഡ്സില്‍ 151 റണ്‍സിന്റെ ഗംഭീര വിജയവുമായി വിരാട് കോലിയും സംഘവും ശക്തമായി തിരിച്ചെത്തുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാകും.

അതേസമയം സബീന പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഒരു വിക്കറ്റിന്റെ ആവേശ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 109 റണ്‍സിന് വിജയിച്ച് പാകിസ്ഥാന്‍ 1-1ന് പരമ്പരയില്‍ തുല്യത പിടിക്കുകയായിരുന്നു.

 

Top