ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇനി കിരീട പോരാട്ടത്തിന്റെ അഞ്ച് നാള്‍

cricket

സതാംപ്ടണ്‍: ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടപോരാട്ടം തുടങ്ങുന്നു. ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള ന്യുസീലന്‍ഡും രണ്ടാമതുള്ള ഇന്ത്യയും കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. വൈകീട്ട് മൂന്നരയ്ക്ക് മത്സരം തുടങ്ങും.
കരിയറില്‍ ആദ്യ പ്രധാന കിരീടമാണ് കോലിയുടെ ലക്ഷ്യം. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് കലാശപ്പോരിനുള്ള ഇന്ത്യന്‍ ടീം.

സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും അന്തിമ ഇലവനില്‍ ഇടം നേടി.പേസര്‍മാരായി ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് അന്തിമ ഇലവനിലെത്തിയത്. സതാംപ്ടണില്‍ നിലവില്‍ വരണ്ട കാലവസ്ഥയായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കണക്കിലെടുത്താണ് അശ്വിനും ജഡേജയും ടീമിലെത്തിയത്.

ഫൈനലിന് മുമ്പ് ടീം അംഗങ്ങള്‍ തമ്മിലുള്ള സന്നാഹ മത്സരത്തില്‍ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയിരുന്നു. ഇഷാന്തും ബൗളിംഗില്‍ തിളങ്ങി. ഇതുകൂടി കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തത്. രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറാകും. പ്രതിരോധക്കോട്ട തീര്‍ക്കാന്‍ മിടുക്കനായ പൂജാരയാകും പിന്നാലെയത്തുക. ക്യാപ്ടന്‍ കോലിയും രഹാനയും മധ്യനിരയ്ക്ക് കരുത്തേകും. ബാറ്റിംഗില്‍ ടീമിന് കരുത്തേകുകയെന്നതിനൊപ്പം റിഷഭ് പന്തിന് വിക്കറ്റ് കാക്കാനും ചുമതലയുണ്ട്. ജഡേജയും അശ്വിനും ബാറ്റിംഗിലും ശ്രദ്ധവയ്ക്കും.

അതേസമയം ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യുസീലന്‍ഡ് ഇറങ്ങുന്നത്. രണ്ടാംനിര ടീമുമായി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന്റെ ആവേശം കിവിപോരാളികള്‍ക്ക് വേണ്ടുവോളമുണ്ട്. ഇന്ത്യയുമായി അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിക്കാനായെന്നതും വില്യംസനും കൂട്ടര്‍ക്കും ആത്മവിശ്വാസമേകുന്നു.

നായകനും റോസ് ടെയ്‌ലറുമടക്കം ആറു മുന്‍നിര ബാറ്റ്‌സാമാന്‍മാരുടെ തകര്‍പ്പന്‍ ഫോമും അനുകൂല ഘടകം. സൗത്തിയും ബോള്‍ട്ടും കുന്തമുനകളാകുമ്പോള്‍ എതിരാളിയെ വിറപ്പിക്കാമെന്നും ന്യുസീലന്‍ഡ് കണക്കുകൂട്ടുന്നു. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളില്‍ അധികമായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. മത്സരം മഴകൊണ്ടുപോയാല്‍ കിരീടം പങ്കിടും.

 

Top