കാഴ്ചകള്‍ വ്യക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ‘വിഷന്‍ 2020’

ജനീവ: നാളെയാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം ആചരിക്കുന്നത്. അന്ധതയെക്കുറിച്ചും കാഴ്ച സംബന്ധമായ അസുഖങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനാണ് 2000 മുതല്‍ ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു ദിവസം ആചരിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് യുഎന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അന്ധതാ ലക്ഷണങ്ങള്‍ വളരെ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ മാറ്റാവുന്നേതയുള്ളൂ. ഓരോ വര്‍ഷവും അന്ധതാ ദിനാചരണത്തിന് ഓരോ വിഷയങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. കുട്ടികളിലെയും മുതിര്‍ന്നവരിലെയും കാഴ്ചക്കുറവ് സംബന്ധിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ചുമായിരിക്കും എപ്പോഴും ദിനാചരണത്തിന്റെ തീമുകള്‍ വരുന്നത്. ഐ കെയർ എവെരിവെയർ എന്നതാണ് ഇത്തവണത്തെ വിഷയം.

ഉണങ്ങിയ കണ്ണ്, തിമിരം, കാഴ്ച മങ്ങല്‍, കാഴ്ചക്കുറവ്, ഗ്ലോക്കോമ, അംബോലോപ്പിയ, കണ്ണിലെ മസിലുകള്‍ ചുരുങ്ങുന്നത് തുടങ്ങിയ അസുഖങ്ങള്‍ വലിയ അളവില്‍ ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവയാണ്. എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകളുടെ എണ്ണം വലിയ അളവില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1999ലാണ് വിഷന്‍ 2020 സ്ഥാപിതമായത്. ഡബ്ല്യുഎച്ച്ഒയും ഐഎപിബിയും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. ‘കാണാനുള്ള അവകാശം’ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ആഗോല തലത്തില്‍ അന്ധതയും കണ്ണിനെ സംബന്ധിക്കുന്ന മറ്റ് അസുഖങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മൂന്ന് പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് വിഷന്‍ 2020 മുന്നോട്ട് വെയ്ക്കുന്നത്. (1) കാഴ്ച സംബന്ധമായ അസുഖങ്ങളെ കണ്ടെത്തുക, അവ നിയന്ത്രിക്കുക (2) മറ്റ് പദ്ധതികളുടെ സഹായത്തോടെ നേത്ര ചികിത്സാ രംഗത്ത് പുതിയ പദ്ധതികളും നയങ്ങളും ആവിഷ്‌ക്കരിക്കുക (3) ജനങ്ങളെ അസുഖങ്ങളെക്കുറിച്ചു ചികിത്സയെക്കുറിച്ചും ബോധവല്‍ക്കരിക്കുക.

നമ്മുടെ അവയവങ്ങളില്‍ വച്ച് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടതാണ് കണ്ണുകള്‍. ചെറിയ ചൊറിച്ചില്‍, ചുവപ്പ്, വെള്ളം വരിക തുടങ്ങിയവ തുടക്കത്തിലേ ചികിത്സിക്കണമെന്ന് വിഷന്‍ 2020 ആവശ്യപ്പെടുന്നു. അമിതമായ ജോലി, പ്രത്യേകിച്ച് കംമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ജോലികള്‍ കാഴ്ച മങ്ങുന്നതിന് കാരണമാകും. കാഴ്ച കുറവുണ്ടെങ്കില്‍ കണ്ണട വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നല്ല കാഴ്ചയുണ്ടെങ്കില്‍ പോലും മാസത്തില്‍ ആരോഗ്യ വിദഗ്ധനെ കണ്ട് കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് പരിശോധന നടത്തേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Top