ഇന്ത്യ അടിച്ച് കയറുന്നു ; രാഹുലിന് ലോകറെക്കോര്‍ഡ്, ധവാന് സെഞ്ച്വറി

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് ലോകറെക്കോര്‍ഡ്.

തുടര്‍ച്ചയായി ഏറ്റവും അധികം അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ടെസ്റ്റ് ക്രിക്കറ്റ് താരം എന്ന ലോകറെക്കോര്‍ഡാണ് രാഹുല്‍ കുറിച്ചത്.

ടെസ്റ്റില്‍ രാഹുലിന്റെ തുടര്‍ച്ചയായ ഏഴാം അര്‍ദ്ധ ശതകമായിരുന്നു കാന്‍ഡി ക്രിക്കറ്റ് ടെസ്റ്റില്‍ പിറന്നത്. ഇതോടെ തുടര്‍ച്ചയായി ഏറ്റവുമധികം അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ രാഹുല്‍ ലോകറെക്കോര്‍ഡിനൊപ്പം എത്തി. ഇക്കാര്യത്തില്‍ ഗുണ്ടപ്പ വിശ്വനാഥ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് രാഹുല്‍ മറികടന്നത്.

ഓസീസിന്റെ ക്രിസ് റോജേഴ്‌സ്, സിംബാബ്‌വെയുടെ ആന്റി ഫ്‌ലവര്‍, ലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവര്‍ക്കൊപ്പം ലോക റെക്കോര്‍ഡ് പങ്കിടുകയാണ് രാഹുല്‍. 90, 51, 67, 61, 51*, 57 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന ആറ് ഇന്നിംഗ്‌സുകള്‍.

ഇന്ന് 85 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. 137 പന്തില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുലിനെ പുഷ്പകുമാരയുടെ പന്തില്‍ ചന്ദിമാല്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

മത്സരത്തില്‍ രാഹുലിന് പുറമെ ഓപ്പണര്‍ ശിഖര്‍ ധവാനും തിളങ്ങി. ധവാന്‍ സെഞ്ച്വറി നേടിയാണ് പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 220 എന്ന നിലയിലാണ്.

വിലക്ക് കാരണം കളിക്കാനാവാത്ത രവീന്ദ്ര ജഡേജക്ക് പകരമായി കുല്‍ദീപ് യാദവ് അന്തിമ ഇലവനില്‍ ഇടം നേടി. മൂന്നാം ടെസ്റ്റും ജയിച്ചാല്‍ സ്വദേശത്തും വിദേശത്തും മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കിയ റെക്കോഡ് വിരാട് കോഹ്ലിക്ക് ലഭിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. വിലക്ക് കാരണം കളിക്കാനാവാത്ത രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേല്‍ ഇന്ന് ഇന്ത്യന്‍ നിരയില്‍ ഇറങ്ങും.

Top