ലോക റെക്കോര്‍ഡ് ഇറ്റലിക്ക്; തോല്‍വി അറിയാതെ 36 മത്സരങ്ങള്‍

റ്റവുമധികം മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ദേശീയ ടീമെന്ന റെക്കോര്‍ഡ് ഇറ്റലിക്ക്. കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോക റെക്കോര്‍ഡ് കുറിച്ചത്. ഇതുവരെ 36 മത്സരങ്ങളാണ് മാന്‍സീനിയുടെ സംഘം പരാജയമറിയാതെ പൂര്‍ത്തിയാക്കിയത്.

പരാജയമറിയാതെ 35 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ബ്രസീലിന്റെയും (1993-96) സ്‌പെയിന്റെയും (2007-09) നേട്ടമാണ് ഇന്നലെ ഇറ്റലി പഴങ്കഥയാക്കിയത്. മാന്‍സീനിക്ക് കീഴില്‍ ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി ഇറ്റലി തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് യോഗ്യത ലഭിക്കാതെ സ്തബ്ധരായ ഇറ്റാലിയന്‍ ടീം പിന്നീട് മാന്‍സീനിക്ക് കീഴില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ യൂറോ കപ്പ് ജേതാക്കളാവാനും ഇറ്റലിക്ക് കഴിഞ്ഞു.

അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയിക്കാന്‍ സാധിക്കാതിരുന്നത് ഇറ്റലിയെ അസ്വസ്ഥരാക്കും. കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഇറ്റലിക്ക് ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ജോര്‍ജീഞ്ഞോയ്ക്ക് സാധിച്ചില്ല. ലോകകപ്പില്‍ ഇറ്റലിക്കെതിരെ ക്രോസ് ബാറിനു കീഴില്‍ ഉജ്ജ്വല പ്രകടനം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ ഇന്നലെയും പ്രകടനം ആവര്‍ത്തിച്ചു. ഇതോടെയാണ് മത്സരം സമനില ആയത്.

 

Top