‘ആളിക്കത്തുന്ന പ്രക്ഷോഭകന്‍’: ചിത്രത്തിന് ലോക പ്രസ് ഫോട്ടോഗ്രഫി പുരസ്‌കാരം

ആസ്റ്റര്‍ഡാം: 2018ലെ ലോക പ്രസ് ഫോട്ടോ പുരസ്‌കാരം എഎഫ്പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്. വെനിസ്വെലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ പടരുമ്പോഴും മുന്നോട്ടുകുതിക്കുന്ന പ്രക്ഷോഭകന്റെ ചിത്രത്തിനാണ് പുരസ്‌കാരം. പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പകര്‍ത്തിയതാണ് ചിത്രം.

കത്തുന്ന ഒരു രാജ്യത്തിന്റെ എല്ലാ ഭീകരതയും പേറുന്നതാണ് ചിത്രമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 28കാരനായ വിക്ടര്‍ സലാസര്‍ എന്ന യുവാവാണ് ചിത്രത്തിലുള്ളത്. പൊലീസിന്റെ ബൈക്ക് തകര്‍ക്കുന്നതിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീ ആളിപ്പടര്‍ന്നത്. വിക്ടറിന്റെ ശരീരത്തിലേക്കും തീ ആളിപ്പടര്‍ന്നു. ഭാഗികമായി പൊളളലേറ്റ വിക്ടറിന് കാര്യമായ പരുക്ക് പറ്റിയില്ല.

2017ലാണ് ഷെമിറ്റ് ചിത്രം പകര്‍ത്തിയത്. യാദൃശ്ചികമായാണ് ഈ ചിത്രം ലഭിച്ചതെന്ന് ഷെമിറ്റ് പറയുന്നു.

Top