റഷ്യ സൈനികനീക്കങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍

ബ്രസല്‍സ്: യുക്രൈനില്‍ റഷ്യ സൈനികനീക്കങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍. അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധന നടപടികള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഏറ്റുപിടിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റഷ്യയ്‌ക്കെതിരെ നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യന്‍ വികസന ബാങ്കായ വെബടക്കമുള്ളവയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയുമായുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം റദ്ദാക്കുകയാണെന്ന് ബൈഡന്‍ അറിയിച്ചു. ഉപരോധത്തോടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനോ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വ്യാപാരം നടത്താനോ റഷ്യയ്ക്കാകില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.

റഷ്യ സൈനികനീക്കത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ബൈഡന്റെ മുന്നറിയിപ്പുണ്ട്. റഷ്യന്‍ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പ്രമുഖ വ്യക്തിത്വങ്ങളെയുമെല്ലാം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ ബ്രസല്‍സില്‍ ചേര്‍ന്ന ഇ.യു യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്ന നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനമുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനെതിരെ ഉപരോധം ഏര്‍പ്പെടുത്തേണ്ടെന്ന നിലപാടാണ് ഇ.യു വിദേശകാര്യ മന്ത്രിമാര്‍ സ്വീകരിച്ചത്.

Top