കൊറോണയ്ക്ക് മുമ്പേ ലോകത്തെ വിഴുങ്ങിയ മഹാമാരികള്‍ …

നുഷ്യരാശിക്ക് തന്നെ നാശം വിതച്ച് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന രീതിയില്‍ ലോകത്താകമാനം നിയന്ത്രാണാധീതമായി പടരുന്ന സാംക്രമികരോഗങ്ങളെയാണ് ‘മഹാമാരി’ എന്ന് വിളിക്കുന്നത്. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതു കൊണ്ട് ആ രോഗത്തിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന് അര്‍ത്ഥമില്ല. മറിച്ച് ആ രോഗ വ്യാപനം ഉണ്ടാക്കുന്ന ആശങ്കയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

ഒരു പുതിയ രോഗം പടരുകയും അതിനെതിരെ പ്രതിരോധമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ കൂടിയാണത്. ഇത് രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് വ്യാപിക്കുകയും നിരവധി പേരിലേക്ക് ഒരേസമയം പടര്‍ന്നുപിടിക്കുകയും ചെയ്യുമ്പോഴാണ് അതിനെ ‘മഹാമാരി’യായി പ്രഖ്യാപിക്കുന്നത്. അതേസമയം രോഗം ബാധിച്ചവരുടെ എണ്ണമോ അതുമൂലമുണ്ടാകുന്ന മരണമോ ‘മഹാമാരി’ പ്രഖ്യാപനത്തിന് മാനദണ്ഡമാകാറില്ല.

2003 ല്‍ സാര്‍സ് ആശങ്ക വിതച്ചപ്പോള്‍ അതിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ല. 26 രാജ്യങ്ങളില്‍ അന്ന് രോഗം ബാധിച്ചിരുന്നു. അതേസമയം എച്ച് വണ്‍ എന്‍ വണ്‍ രോഗ ബാധയെ 2009ല്‍ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇത് അനാവശ്യമായ ആശങ്ക വഴിവെച്ചുവോ എന്ന സംശയം ചില കേന്ദ്രങ്ങള്‍ പിന്നീട് ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ആശങ്ക പടര്‍ത്തുകയല്ല, മറിച്ച് കരുതല്‍ നടപടി ശക്തമാക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്.

കൊറോണാ വൈറസ് 118000 ആളുകളിലേയ്ക്ക് വ്യാപിക്കുകയും 4000 ത്തിലധികം ആളുകള്‍ ഇതിനകം വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു. മാത്രമല്ല 114 രാജ്യങ്ങളാണ് ഇപ്പോള്‍ കൊറോണ ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊറോണ വൈറസ് എന്ന കൊവിഡ്19നെ ‘മഹാമാരി’യായി പ്രഖ്യാപിച്ചത്.

കൊറണയ്ക്ക് മുമ്പേ എച്ച്.ഐ.വി/ എയിഡ്‌സ്, ഇന്‍ഫ്‌ലുവന്‍സ(എച്ച്1എന്‍1), കോളറ, പ്ലേഗ, വസൂരി തുടങ്ങിയ രോഗങ്ങളാണ് ലോകത്തെ പിടിച്ചുലച്ച മറ്റ് മഹാമാരികള്‍.

എച്ച്.ഐ.വി

32 ദശലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരിയാണ് എച്ച്.ഐ.വി. എച്ച്.ഐ.വി. ആദ്യമായി തിരിച്ചറിഞ്ഞത് ഡിസംബര്‍ 1, 1981 ലാണ്. ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം 75 ദശലക്ഷം പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 2018ലെ കണക്കനുസരിച്ച് ഏകദേശം 37.9 ദശലക്ഷത്തോളം എയ്ഡ്‌സ് ബാധിതരാണ് ലോകത്തുള്ളത്.

ഇന്‍ഫ്‌ളുവന്‍സ എച്ച്1എന്‍1

സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുളള രോഗമാണ്.

ആര്‍എന്‍എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്.

2009ല്‍ ഇന്‍ഫ്‌ളുവന്‍സ എ വൈറസ് പരത്തിയ എച്ച്1എന്‍1 പനിയാണ് അവസാനമുണ്ടായത്. 2009ല്‍തന്നെ ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയിലാളുകള്‍ മരിച്ചു. 1918-20ല്‍ സ്പാനിഷ് ഫ്‌ളു എന്ന പേരിലും ഇതേ മഹാമാരി പടര്‍ന്നിരുന്നു.


കോളറ

ജലജന്യ രോഗമായ കോളറ മലിന ജലത്തിലൂടെയാണ് പകരുന്നത്.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ഏഴ് പ്രാവശ്യമാണ് കോളറ ലോകത്തെ വിഴുങ്ങിയത്.

ഓരോ വര്‍ഷവും 1.3-4.0 ദശലക്ഷം കേസുകള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്.കോളറ 21,000-1,43,000 പേരാണ് പ്രതിവര്‍ഷം മരിക്കുന്നത്. മലിനമായ രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ 12 മണിക്കൂര്‍ മുതല്‍ അഞ്ചുദിവസം വരെയാണ് എടുക്കുന്നത്.

പ്ലേഗ്

1347-1351 കാലഘട്ടത്തില്‍ യൂറോപ്പിലും ഏഷ്യയിലുമായി 75-200 ദശലക്ഷംപേരുടെ മരണത്തിന് കാരണമായ പകര്‍ച്ചവ്യാധിയാണ് പ്ലേഗ്. മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മഹാവിപത്തായിരുന്നു പ്ലേഗ്. പ്ലേഗ് മരണങ്ങളെ ബ്ലാക്ക് ഡെത്ത് അഥവാ കറുത്തമരണം എന്നാണ് പറയുന്നത്.

ചെറിയ ജീവികളിലും അതിലുണ്ടാകുന്ന ചെള്ളുകളിലും കാണുന്ന ബാക്ടീരിയയാണ് പ്ലേഗിന്റെ രോഗകാരി. യൂറോപ്പില്‍ മാത്രം പ്ലേഗ് ബാധിച്ച് 50 ദശലക്ഷത്തോളംപേരാണ് മരിച്ചത്. 2010-15 കാലയളവില്‍ 3,248 പേര്‍ക്കാണ് പ്ലേഗുണ്ടായത്. ഇതില്‍ 584 പേര്‍ മരിക്കുകയും ചെയ്തു. 1960 വരെ പ്ലേഗ് മഹാമാരിയായി തുടര്‍ന്നു.


വസൂരി

ചരിത്രാതീത കാലം തൊട്ടേ മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന വിനാശകാരിയായ പകര്‍ച്ചവ്യാധിയാണ് വസൂരി. വേരിയോള വൈറസ് ഉണ്ടാക്കുന്ന രോഗബാധയ്ക്ക് കാരണം. 20ാം നൂറ്റാണ്ടില്‍ 300 ദശലക്ഷംപേരുടെ ജീവനാണ് പകര്‍ച്ച വാധി അപഹരിച്ചത്.രോഗമുള്ള ഒരാളില്‍ നിന്ന് വായുവിലൂടെയാണ് സാധാരണഗതിയില്‍ രോഗാണുക്കള്‍ പകരുന്നത്. രോഗിയുടെ ശരീരസ്രവങ്ങള്‍ പറ്റിയ വസ്തുക്കളില്‍ നിന്നും മറ്റുള്ളവരിലേക്കും രോഗം പകരാനിടിയുണ്ട്.

Top