കൊറോണ വ്യാപിച്ചാല്‍ ജയിക്കാന്‍ ഇന്ത്യക്ക് കഴിയുമോ ? ആശങ്കയില്‍ അമേരിക്ക!

വാഷിങ്ടണ്‍: കൊറോണ വൈറസില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ആഗോളതലത്തില്‍ തന്നെ വൈറസ് ബാധിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയാണ് അമേരിക്കക്കുള്ളത്. ചൈനയെ പോലെ ജന സാന്ദ്രതയുള്ള രാജ്യമാണ് ഇന്ത്യ എന്നതാണ് ഈ ആശങ്കക്ക് പിന്നിലുള്ള പ്രധാന ഘടകം.

കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തു വിട്ടത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

വൈറസ് വ്യാപനത്തെ ചെറുക്കാന്‍ വികസ്വരരാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ക്ക് കഴിയില്ല, അവര്‍ക്ക് ചില പരിമിതികള്‍ ഉണ്ട് എന്നും അവര്‍ വ്യക്തമാക്കി. നിരവധി രഹസ്യ ഏജന്‍സികളാണ് യുഎസിന് വേണ്ടി കൊറോണ ബാധയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദേശീയ സുരക്ഷയേയും സാമ്പത്തിക സ്ഥിതിയേയും ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ മുഴുവന്നേര നിരീക്ഷണമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Top