അമേരിക്കയുടെ ‘കൈവിട്ട’ കളിക്ക് റഷ്യയുടെ മറുപടി ഉടൻ, എന്തും സംഭവിക്കാം, ആശങ്കയുടെ മുൾമുനയിൽ ലോക രാജ്യങ്ങൾ !

ടുവിൽ ലോകം ഭയക്കുന്നതു തന്നെയാണ് സംഭവിക്കാൻ പോകുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നേരെ യുക്രെയിൻ വധശ്രമം നടത്തിയെന്ന് റഷ്യ ആരോപിച്ചതോടെ യുക്രെയിന്റെ കാര്യത്തിൽ ഇനി അധികം താമസിയാതെ തീരുമാനമാകും. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയടക്കം സ്ഥിതി ചെയ്യുന്ന ക്രെംലിന് മുകളിൽ പ്രതീക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ വെടിവച്ചിടുന്ന ദൃശ്യം ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. പ്രസിഡൻഷ്യൽ പാലസിന് മുകളിൽ പുക ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ കാണാവുന്നതാണ്. റഷ്യക്ക് നേരെ ഒരാക്രമണ ശ്രമം നടന്നു എന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. “തീക്കട്ടയിലാണ് ഉറുമ്പരിച്ചിരിക്കുന്നത്” ഇതിനെതിരെ മാരകമായ കടന്നാക്രമണത്തിനാണ് റഷ്യ തയ്യാറെടുക്കുന്നത്. അക്രമ ശ്രമം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ കനത്ത ആക്രമണമാണ് യുക്രെയിനിൽ റഷ്യ നടത്തി കൊണ്ടിരിക്കുന്നത്.

യുക്രെയിൻ പ്രസിഡന്റിനെ ഏതു വിധേയനേയും വധിക്കുക എന്നതും ഇപ്പോൾ റഷ്യയുടെ ടാർഗറ്റാണ്. അതിനു വേണ്ടി ഏതറ്റംവരെയും പോകാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. വൻ തിരിച്ചടി ഉണ്ടാകുമെന്ന റഷ്യയുടെ പ്രഖ്യാപനത്തെ ലോക രാജ്യങ്ങളും ഭീതിയോടെയാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. യുക്രെയിൻ അത് നിഷേധിക്കുന്നുണ്ടെങ്കിലും റഷ്യയുടെ നിലപാടും തീരുമാനവുമാണ് യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കാൻ പോകുനത്. ഈ ഒറ്റ കാരണം മുൻ നിർത്തി ആണവായുധം പ്രയോഗിക്കാൻ വരെ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് റഷ്യ പറയുന്നത്. റഷ്യൻ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണത്തിൽ തന്നെ ആ രാജ്യത്തിന്റെ രോക്ഷവും പ്രകടമാണ്.

ഒരാഴ്ച കൊണ്ട് റഷ്യക്ക് തീർക്കാൻ കഴിയുമായിരുന്ന യുദ്ധമാണ് ഇപ്പോൾ അനന്തമായി നീണ്ടു കൊണ്ടിരിക്കുന്നത്. ആണവായുധം പോലുള്ള മാരക ആയുധങ്ങൾ പ്രയോഗിക്കാതെ പരമാവധി സിവിലിയൻമാരുടെ മരണം ഒഴിവാക്കാൻ റഷ്യ എടുത്ത തീരുമാനമാണ് ഈ ദൈർഘ്യത്തിനു കാരണം. അമേരിക്ക ആയിരുന്നു റഷ്യയുടെ സ്ഥാനത്തെങ്കിൽ തീർച്ചയായും അവർ ആണവ ആയുധങ്ങൾ തന്നെ പ്രയോഗിക്കുമായിരുന്നു. അമേരിക്കയുടെ ചരിത്രവും അതു തന്നെയാണ്. ജപ്പാനിൽ ആണവ ബോംബിട്ട് ലക്ഷങ്ങളെ കൊന്നു കളഞ്ഞ രാജ്യമാണത്. അതിന്റെ കെടുതികൾ ഇപ്പോഴും ജപ്പാൻ ജനത അനുഭവിക്കുന്നുമുണ്ട്.

ഇന്ന് ലോകത്ത് ഏറ്റവും അധികം ആണവായുധങ്ങൾ ഉള്ള രാജ്യമാണ് റഷ്യ. യുക്രെയിന് ആയുധങ്ങളും പണവും ടെക്നോളജിയും നൽകി സഹായിക്കുന്ന അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ ക്ഷമ കൂടിയാണ് പരീക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ റഷ്യയുടെ തിരിച്ചടിയുടെ വ്യാപ്തി യുക്രെയിനിൽ മാത്രമായി ഒതുങ്ങാനും സാധ്യതയില്ല. ഉത്തര കൊറിയ എന്ന ഒരു ചെറിയ രാജ്യം ആണവായുധം പ്രയോഗിക്കുമോ എന്നോർത്ത് ഭയന്നു കഴിയുന്ന അമേരിക്ക ലോകം നശിപ്പിക്കാൻ ശേഷിയുള്ള റഷ്യയുടെ ‘സാത്താൻ’ എന്ന ആണവായുധത്തെ ഭയപ്പെടുക തന്നെ വേണം. നിലനിൽപ്പിനു ഭീഷണി ഉയർന്നാൽ എന്തു മാർഗ്ഗം സ്വീകരിക്കാനും റഷ്യ തയ്യാറാകും. അതിന് ആ രാജ്യത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ അതോടെ ഈ ലോകം തന്നെയാണ് അനുഭവിക്കുക എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

യുക്രെയിനെ മുൻ നിർത്തി യഥാർത്ഥത്തിൽ റഷ്യയുമായി യുദ്ധം ചെയ്യുന്നത് അമേരിക്കയും സഖ്യകക്ഷികളുമാണ്. ഇത് തന്നെ നെറികേടാണ്. നേർക്ക് നേർ യുദ്ധം ചെയ്യാൻ പേടിയുള്ളതു കൊണ്ട് രണ്ടാംകിട ഏർപ്പാടാണ് ഈ രാജ്യങ്ങൾ നടത്തുന്നത്. യുദ്ധത്തിന് കളമൊരുക്കാനാണ് അമേരിക്കൻ ഭരണകൂടം യുക്രെയിനെ നാറ്റോയിൽ എടുക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഈ ആവശ്യവുമായി യുക്രെയിൻ മുന്നോട്ടു പോയതാണ് റഷ്യയെ സൈനിക നടപടിക്ക് പ്രേരിപ്പിച്ചിരുന്നത്.

റഷ്യയുടെ അയൽ രാജ്യമായ യുക്രെയിനിൽ അമേരിക്ക ആയുധങ്ങൾ വിന്യസിക്കുന്നത് റഷ്യക്ക് വലിയ സുരക്ഷാ ഭീഷണി തന്നെയാണ്. അത് ഒഴിവാക്കാനാണ് നാറ്റോയിൽ ചേരരുത് എന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം യുക്രെയിൻ തള്ളിക്കളഞ്ഞതോടെ ആക്രമിക്കാൻ റഷ്യ നിർബന്ധിക്കപ്പെടുകയായിരുന്നു. ആ സൈനിക നടപടിയാണ് ഇപ്പോഴും തുടരുന്നത്. ഇതു തന്നെയാണ് യാഥാർത്ഥ്യവും.

സൈനിക നടപടി എത്ര നാൾ തുടർന്നാലും യുക്രെയിനോ അമേരിക്കൻ സഖ്യത്തിനോ വിജയിക്കാൻ കഴിയുകയില്ല. അന്തിമ വിജയം റഷ്യക്കു തന്നെ ആയിരിക്കും. അതിന്റെ വേഗത കൂട്ടാൻ റഷ്യൻ പ്രസിഡന്റിനു നേരെ ഇപ്പോൾ നടന്ന ആക്രമണശ്രമവും നിർണ്ണായക പങ്കുവഹിക്കും. യുക്രെയിൻ മാത്രമല്ല അമേരിക്കയും ഭയക്കേണ്ട നാളുകളാണ് ഇനി വരാനിരിക്കുന്നത്. പുട്ടിനെ ലക്ഷ്യമിട്ട് ആളില്ലാ ഡ്രോണുകളെ അയച്ചെന്ന റഷ്യൻ ആരോപണം യുക്രെയിൻ നിഷേധിച്ചെങ്കിലും റഷ്യ അത് മൈന്റു പോലും ചെയ്തിട്ടില്ല.

“ഡ്രോണുകളുമായി യാതൊരു ബന്ധവുമില്ലെന്നും ക്രെംലിനെ ആക്രമിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് അറിയാമെന്നുമാണ്” യുക്രെയിൻ പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചിരുന്നത്. കേവലം ഭയത്തിൽ നിന്നുണ്ടായ പ്രതികരണം മാത്രമായാണ് ഇതിനെ റഷ്യൻ ഭരണകൂടം നോക്കി കാണുന്നത്. “റഷ്യൻ പ്രസിഡന്റിന്റെ ജീവനെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഭീകരാക്രമണമാണെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുമാണ്” റഷ്യ പ്രതികരിച്ചിരിക്കുന്നത്. 14 മാസമായി യുക്രെയിനിൽ തുടരുന്ന റഷ്യൻ ആക്രമണത്തിന്റെ ഭാവമാണ് ഇതോടെ മാറിയിരിക്കുന്നത്.

ആധുനിക ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ വധശ്രമത്തെ അതിജീവിച്ച പ്രസിഡന്റാണ് കരുത്തനായ വ്ലാഡിമിർ പുട്ടിൻ. ഏപ്രിൽ അവസാനം മോസ്കോയിൽ നിന്ന് 19 കിലോമീറ്റർ അകലെ 17 കിലോ സ്ഫോടക വസ്തുക്കളുമായി തകർന്നുവീണ ഡ്രോൺ പുട്ടിനെ വധിക്കാൻ യുക്രെയിൻ സീക്രട്ട് ഏജന്റുമാർ അയച്ചതാണെന്ന അഭ്യൂഹം പ്രചരിച്ചെങ്കിലും അന്നു റഷ്യ പ്രതികരിച്ചിരുന്നില്ല. ഈ സംഭവം കഴിഞ്ഞു അധികം വൈകാതെയാണ് ഇപ്പോൾ ക്രെംലിന് മുകളിൽ രണ്ട് ഡ്രോണുകളെ റഷ്യ തകർത്തിരിക്കുന്നത്.

പുട്ടിനെ ലക്ഷ്യമിട്ട് യുക്രെയിനാണ് ഡ്രോണുകൾ അയച്ചതെന്ന് റഷ്യ പറയുമ്പോഴും എല്ലാം റഷ്യയുടെ തന്നെ നീക്കങ്ങളാണെന്നാണ് യുക്രെയിനും പാശ്ചാത്യ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. യുക്രെയിനിലെ ആക്രമണം കടുപ്പിക്കാൻ റഷ്യ കാരണങ്ങൾ കണ്ടെത്തുകയാണെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. ഏതായാലും ലഭ്യമായ വിവരങ്ങൾ ശരിയെങ്കിൽ ഇതുവരെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും പുട്ടിൻ വധശ്രമത്തെ അതിജീവിച്ചെന്നാണ് റിപ്പോർട്ട്.

2002 ജനുവരിയിൽ അസർബൈജാനിൽ പുട്ടിനെ വധിക്കാൻ പദ്ധതിയിട്ട ഒരു ഇറാക്ക് പൗരനും സഹായിയുയുമാണ് പിടിയിലായിരുന്നത്. ഇരുവർക്കും പത്ത് വർഷം ജയിൽ ശിക്ഷയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. 2002 നവംബറിൽ പുട്ടിന്റെ വാഹനം കടന്നുപോകേണ്ടിയിരുന്ന റോഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതാണ് മറ്റൊരു സംഭവം. 2003 ഒക്ടോബറിൽ ബ്രിട്ടണിൽ പുട്ടിനെ വധിക്കാൻ പദ്ധതിയിട്ട മുൻ റഷ്യൻ സീക്രട്ട് സർവീസ് ഏജന്റ് അടക്കം രണ്ടു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

2012 ഫെബ്രുവരിയിൽ പുട്ടിനെ മോസ്കോയിലെത്തി വധിക്കാൻ പദ്ധതിയിട്ട ചെചൻ വിമതനെ റഷ്യൻ സ്പെഷ്യൽ ഫോഴ്സ് യുക്രെയിനിലെ ഒഡേസയിൽ നിന്നാണ് പിടികൂടിയിരുന്നത്. 2022 മേയ് മാസം കരിങ്കടലിനും കാസ്പിയൻ കടലിനും മദ്ധ്യേയുള്ള കോക്കാസസ് മേഖലയിൽ വച്ച് പുട്ടിന് നേരെ വധശ്രമം നടന്നെന്ന് പറഞ്ഞിരുന്നത് യുക്രെയിൻ ഡിഫൻസ് ഇന്റലിജൻസ് തലവനായിരുന്ന മേജർ ജനറൽ കിറൈലോ ബുഡനോവ് ആണ്. റഷ്യ പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും കരുത്തനായ റഷ്യൻ പ്രസിഡന്റിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം ലോകമാകെയാണ് അനുഭവിക്കേണ്ടി വരിക. പുതിയ വധശ്രമം റഷ്യയിൽ കയറിയാണ് നടത്തിയിരിക്കുന്നത്. അതു കൊണ്ട് തിരിച്ചടിയും ഭീകരമായിരിക്കും…

EXPRESS KERALA VIEW

Top