ഇറാന്‍ ‘കൊലപ്പെടുത്തിയ’ വിമാനയാത്രക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം; 5 രാജ്യങ്ങള്‍

റാന്‍ വെടിവെച്ച യാത്രാവിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങള്‍ രംഗത്ത്. യുഎസ് മിസൈലെന്ന് തെറ്റിദ്ധരിച്ചാണ് ഇറാന്‍ ഉക്രെയിന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയത്. ദുരന്തത്തില്‍ 176 യാത്രക്കാരും കൊല്ലപ്പെട്ടു. ഈ പിഴവിന് തെഹ്‌റാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകം അവരുടെ മറുപടി കാത്തിരിക്കുകയാണെന്നും ദുരന്തത്തില്‍ ഉള്‍പ്പെട്ട പൗരന്‍മാരുടെ മാതൃരാജ്യങ്ങള്‍ സംയുക്തമായി വ്യക്തമാക്കി.

കാനഡ, ഉക്രെയിന്‍, സ്വീഡന്‍, അഫ്ഗാനിസ്ഥാന്‍, യുകെ എന്നീ രാജ്യങ്ങളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തില്‍ ഇരകളായ രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്ന സ്വതന്ത്രവും, സുതാര്യവുമായ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും ഇവര്‍ ഇറാനോട് ആവശ്യപ്പെട്ടു. ലണ്ടനില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇറാന് മുന്നില്‍ ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

തെഹ്‌റാനില്‍ നിന്നും കീവിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് ഇറാന്‍ മിസൈല്‍ വിമാനം തകര്‍ത്തത്. ജനുവരി 8ന് നടന്ന സംഭവം മറച്ചുവെയ്ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ ആ സത്യം അവര്‍ സമ്മതിച്ചു. 57 കാനഡക്കാര്‍, 11 ഉക്രെയിന്‍, 17 സ്വീഡന്‍, 4 അഫ്ഗാന്‍, 4 ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് പുറമെ കൊല്ലപ്പെട്ടവരെല്ലാം ഇറാന്‍ സ്വദേശികളാണ്.

ഇരകളുടെ തിരിച്ചറിയല്‍ അന്തസ്സോടെ, സുതാര്യമായ രീതിയില്‍ നടത്തണമെന്ന് അഞ്ച് രാജ്യങ്ങള്‍ ഇറാനോട് ആവശ്യപ്പെട്ടു. ‘അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുകള്‍ ഇറാന് മേലാണ്. ഇറാന് തെരഞ്ഞെടുക്കാന്‍ കഴിയും, ലോകം ഇതെല്ലാം വീക്ഷിക്കുന്നുണ്ട്’, കനേഡിയന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പെ ഷാംപെയിന്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അധികം പേരും അക്കാഡമിക്, ഗവേഷക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളുമാണ്.

Top