ലോക ഹോക്കി ഫെഡറേഷന്‍ അവാര്‍ഡ് വാരിക്കൂട്ടി ഇന്ത്യ, ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍

ന്യൂഡല്‍ഹി: ലോക ഹോക്കി ഫെഡറേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകളില്‍ നിറഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യ സമര്‍പ്പിച്ച നോമിനികളെല്ലാം അവാര്‍ഡ് സ്വന്തമാക്കി.

മലയാളി താരം പി.ആര്‍ ശ്രീജേഷ് അടക്കം ഇന്ത്യന്‍ ടീമിലെ ആറു പേര്‍ക്കാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്.

ഇന്ത്യയുടെ ഡ്രാഗ് ഫ്‌ലിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പറായും വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.

പരിശീലകര്‍ക്കുള്ള പുരസ്‌കാരവും പുറത്തുപോയില്ല. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമുകളെ മികച്ച നിലയിലേക്ക് പിടിച്ചുയര്‍ത്തിയ കോച്ചുമാരായ ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) മികച്ച പുരുഷ -വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിലെ ക്യാപ്റ്റന്‍മാരും പരിശീലകരും കളിക്കാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

Top