ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് ലഡാക്കില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി : ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ വാഹനമോടിക്കാന്‍ സാധിക്കുന്ന റോഡ് എന്ന ബഹുമതി ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച ലഡാക്കിലെ ഉംലിങ്ക്‌ല റോഡിന് സ്വന്തം.

ഇന്ത്യന്‍ സൈന്യത്തിന്റെ റോഡ് നിര്‍മ്മാണ വിഭാഗമായ ബിആര്‍ഒ (ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍) ആണ് 19,300 അടി ഉയരത്തില്‍ ലഡാക്കില്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രൊജക്ട് ഹിമാന്‍ക് പദ്ധതിയുടെ ഭാഗമായാണ് ബിആര്‍ഒ റോഡ് നിര്‍മ്മിച്ചത്.

ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചിസ്മൂളില്‍ നിന്നു ദേം ചോക്കിലേക്കാണ് പാത. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു കശ്മീരിന്റെ ഭാഗമായ ഉംലിങ്ക്‌ലാ മേഖലയിലാണ് നിര്‍മിച്ചിട്ടുള്ളത്.

സമുദ്ര നിരപ്പില്‍ നിന്ന് 19,300 അടി ഉയരത്തിലാണ് ഈ പാത. 86 കിലോമീറ്റര്‍ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ലേയില്‍ നിന്നു 230 കിലോമീറ്റര്‍ ദൂരമുണ്ട് ഈ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക്. ചൈനയില്‍ നിന്നു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്തിലാണ് ഈ പാത.

ഈസ്റ്റേണ്‍ സെക്ടറിലെ ഇന്ത്യചൈന അതിര്‍ത്തിയ്ക്ക് വളരെ അടുത്തായാണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ പ്രതിരോധരംഗത്തും ഈ റോഡിന് പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്.

വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഇത്ര ഉയരത്തില്‍ ബിആര്‍ഒ റോഡ് നിര്‍മ്മിച്ചതെന്ന് പ്രൊജക്ട് ഹിമാന്‍ക് ചീഫ് എന്‍ഞ്ചിനീയര്‍ ബ്രിഗേഡിയര്‍ ഡി.എം.പുര്‍വിമന്ത് പറയുന്നു.

നേരത്തെ, ലേയെ നോര്‍ബ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതിനായി 17,900 അടി ഉയരത്തില്‍ ഖര്‍ഡാംഗു ലാ പാതയും 17,695 അടി ഉയരത്തില്‍ ചങ്‌ല പാസും നിര്‍മിക്കുന്നതിനു നേതൃത്വം നല്‍കിയതു ബിആര്‍ഒ ആയിരുന്നു.

മേഖലയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പലവട്ടം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരുന്നു.

വേനല്‍കാലത്ത് മൈനസ് 1020 വരെ താപനിലയാണ് ഇവിടെ രേഖപ്പെടുത്തുക. ശൈത്യകാലത്ത് ഇത് മൈനസ് 3040 ഡിഗ്രീയായി മാറും.

ശരാശരിയിലും അന്‍പത് ശതമാനം കുറവ് ഓക്‌സിജന്‍ മാത്രമാണ് ഇവിടുത്തെ അന്തരീക്ഷത്തിലുള്ളത്.

ഇങ്ങനെ തീര്‍ത്തും പ്രതികൂലമാണ് കാലാവസ്ഥ എന്നതിനാല്‍ തന്നെ യന്ത്രങ്ങളുടേയും നിര്‍മ്മാണതൊഴിലാളികളുടേയും മൊത്തം ശേഷിയുടെ അന്‍പത് ശതമാനം മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചുള്ളൂവെന്ന് ഡിഎം.പുര്‍വിമന്ത് പറയുന്നു.

പലപ്പോഴും മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പത്ത് മിനിറ്റ് കൂടുമ്പോള്‍ ജോലി നിര്‍ത്തി ശ്വസിക്കാനായി മാറി നില്‍ക്കേണ്ടി വന്നു.

ഇത്രയും ഉയരത്തിലേക്ക് നിര്‍മ്മാണസാമാഗ്രഹികളും യന്ത്രങ്ങളും വാഹനങ്ങളും എത്തിക്കുക എന്നതായിരുന്നു മറ്റൊരു വലിയ വെല്ലുവിളി.

നിര്‍മ്മാണപ്രവൃത്തിയില്‍ പങ്കുചേര്‍ന്ന സൈനികര്‍ക്കും പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ നേരിടേണ്ടി വന്നു.

ഓര്‍മ്മശക്തിയും കാഴ്ച്ചശക്തിയും കുറയുക, രക്തസമ്മര്‍ദ്ദം വര്‍ധിക്കുക തുടങ്ങിയ പലതരം രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും സൈനികര്‍ക്കുണ്ടായിരുന്നു.

Top