കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; രാജ്യങ്ങള്‍ നടപടികള്‍ ഊര്‍ജിതമാക്കണം: ഡബ്ല്യൂഎച്ച്ഒ

ജനീവ: ഭൂഖണ്ഡങ്ങളെ വിഴുങ്ങി സംഹാര താണ്ഡവമാടുന്ന കൊലയാളി കൊറോണ വൈറസിന്റെ വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ലെന്നും രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

മനുഷ്യരാശിയെ ഭീതിയിലാഴ്ത്തി ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു കഴിഞ്ഞു. ലോകമെമ്പാടും 7.55 ലക്ഷം ആളുകളെയാണ് കോവിഡ് -19 ബാധിച്ചിരിക്കുന്നത്. ഇവരില്‍ 160,001 പേര്‍ രോഗവിമുക്തരായിട്ടുണ്ട്.
ഇതില്‍ പകുതിയോളം ചൈനയിലാണ് 75,923 പേരാണ് ഇവിടെ രോഗവിമുക്തരായത്.

ഇറ്റലിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇതോടെ അമേരിക്കയ്ക്ക് പിന്നാലെ ഒരുലക്ഷം ആളുകളില്‍ രോഗം ബാധിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇറ്റലി മാറിയിരിക്കുന്നു. 11,591 പേരാണ് ഇതുവരെ ഇറ്റലിയില്‍ വൈറസ് ബാധയേതുടര്‍ന്ന് മരണപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി.

അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നു. 2,500 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ന്യൂയോര്‍ക്കിലാണ്. രോഗികളെ ചികിത്സിക്കുന്നതിനായി അമേരിക്കന്‍ നേവിയുടെ ചികിത്സാ കപ്പലായ യുഎസ്എന്‍എസ് കംഫര്‍ട്ട് മാന്‍ഹാട്ടണിലെത്തി. ഇതില്‍ 1,000 കിടക്കകളുള്‍പ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്.

അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ മൂന്നാമതായാണ് സ്പെയിന്‍. ഇവിടെ 85,000 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും സ്‌പെയിനിലാണ്. 913 പേരാണ് ഇവിടെ ഇന്നലെ മാത്രം മരിച്ചത്.ഇതോടെ ഇവിടുത്തെ മരണസംഖ്യ 7,716 ആയി ഉയര്‍ന്നു.

ജര്‍മ്മനിയില്‍ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ല്‍ താഴെ നിലനിര്‍ത്താനായത് നേട്ടമാണ്. ബ്രിട്ടനില്‍ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

Top