കോവിഡ് 19; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന്‌ പരീക്ഷണം റദ്ദാക്കി ഡബ്യുഎച്ച്ഒ

ന്യൂയോര്‍ക്ക്: കോവിഡ്-19നെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരീക്ഷണവിധേയമായി ഉപയോഗിക്കുന്നത് താല്‍ക്കാലികമായി റദ്ദാക്കി ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന മേധാവി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസുസ് ആണ് വാര്‍ത്തസമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ആശങ്കയെ തുടര്‍ന്നാണ് നടപടി.

ഈ മരുന്നിന്റെ ഉപയോഗം മരണസാധ്യത കൂട്ടുമെന്ന് ലാന്‍സറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോവിഡ് പ്രതിരോധ മരുന്നായി ദിവസേന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണിത്. സുരക്ഷിതമല്ലെന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പു പോലും അവഗണിച്ചായിരുന്നു ട്രംപിന്റെ ഈ മരുന്നുപയോഗം.

നേരത്തേയും ലോകാരോഗ്യസംഘടന പരീക്ഷണങ്ങള്‍ക്കല്ലാതെ കോവിഡ് രോഗികളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു . അതിനിടെ, രോഗവ്യാപനത്തിന്റെ നിര്‍ണായകഘട്ടത്തിലാണ് ലോകമെന്നും ഉടന്‍ തന്നെ കോവിഡിന്റെ രണ്ടാംഘട്ടവ്യാപനവും ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക് റയാന്‍ മുന്നറിയിപ്പു നല്‍കി.

കോവിഡിന്റെ ഉറവിടത്തെ കുറിച്ച് ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിയതായും എന്നാല്‍ ശാസ്ത്രീയ അന്വേഷണം നടത്തുന്നത് എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top