കൊവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ വീണ്ടും ലോകാരോഗ്യ സംഘടന; എതിര്‍ത്ത്‌ ചൈന

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന നിരസിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രം എവിടെ നിന്നാണെന്ന ശാസ്ത്രീയ പഠനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ചൈന പ്രതികരിച്ചു.

ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര വിദഗ്ദ്ധ സംഘം 2021 ജനുവരിയില്‍ ചൈനയിലെത്തി പഠനം നടത്തിയെങ്കിലും എങ്ങനെയാണ് വൈറസിന്റെ ഉത്ഭവം എന്നത് കണ്ടെത്താനായില്ല. രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം പുനരുജ്ജീവിപ്പിക്കുന്നതിന് ആദ്യകാല കൊവിഡ് 19 കേസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കിടാന്‍ ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ചൈനയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ശാസ്ത്രീയ അന്വേഷണത്തിനുപകരം കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്താല്‍ പ്രചോദിതമാണെന്നും നിലപാട് ആവര്‍ത്തിച്ച് ചൈന തിരിച്ചടിച്ചു. കൊറോണ വൈറസ് വുഹാനിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പുറത്തു വന്നതാണ് എന്നാണ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രബല വാദങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ വാദം തീര്‍ത്തും അസംബന്ധമാണ് എന്ന് ചൈന പറയുന്നു.

Top