ആഹാരം അമൂല്യമാണ്, അത് പാഴാക്കരുത് ; ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യ ദിനം

ന്യൂയോർക്ക് : ഒക്ടോബര്‍ 16, ഇന്ന് ലോക ഭക്ഷ്യദിനം.

ആഹാരം അമൂല്യമാണ് ,അത് പാഴാക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടും ഭക്ഷ്യ ദിനം എത്തുമ്പോൾ ലോകത്ത് ഏഴിലോരാള്‍ പട്ടിണി നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണം പാഴാക്കുന്നതിനെതിരെയും, ഭക്ഷ്യ വിഷത്തിനെതിരേയുമുള്ള മുന്നറിയിപ്പാണ് ലോക ഭക്ഷ്യ ദിനം സന്ദേശമായി നൽകുന്നത്. മനുഷ്യന്‌ വെള്ളവും വായുവുംപോലെതന്നെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ ഭക്ഷണവും

‘വിശപ്പ്‌ വാഴുന്നിടത്ത്‌ സമാധാനം നിലനില്‍ക്കുകയില്ല, വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ഥനയും ഒന്നും വിലപ്പോകുകയുമില്ല’ –  പ്രശസ്‌ത റോമന്‍ ചിന്തകന്‍ സെനേക്കയുടെ വാക്കുകളാണ് ഇവ.

പോഷകാംശമില്ലാത്ത ഭക്ഷണം ലോകത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ സമിതി വിലയിരുത്തിയിരുന്നുണ്ട്.

ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌.

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ലോക ഭക്ഷ്യ ദിനം ലക്ഷ്യമാക്കുന്നത്.

ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.

ഭക്ഷ്യ സുരക്ഷയ്ക്കായി കാര്‍ഷിക തൊഴില്‍ ചെയ്യുക എന്നത്‌ തെരഞ്ഞെടുക്കാന്‍ കാരണം ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പോലെ തന്നെ വികസനത്തിന്‌ ഭക്ഷ്യ സുരക്ഷയും അത്യാവശ്യമാണ്‌ എന്നതുകൊണ്ടാണ്.

ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും അവയുടെ ദൗര്‍ലഭ്യവുമാണ്‌ ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണങ്ങളായിചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

പട്ടിണി നിര്‍മാര്‍ജനവും ഭക്ഷ്യസുരക്ഷയും തന്നെയാണ്‌ മറ്റെന്ത്‌ വികസന ലക്ഷ്യങ്ങളെക്കാളും എക്കാലത്തെയും ജനങ്ങളുടെ സ്വപ്‌നം.

ലോകമെമ്പാടും പിഞ്ചുകുട്ടികളും, വയോവൃദ്ധരും ഉള്‍പ്പടെ ലക്ഷക്കണക്കിന് പേരാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്പ് ഒരു നിമിഷം എങ്കിലും ഈ ചിത്രം നിങ്ങള്‍ ഓര്‍ക്കണം. ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങള്‍ വെറുതെ കളയുന്നത്.

ആവശ്യത്തിന് ഭക്ഷണം മാത്രം വിളമ്പി കഴിക്കുക, ബാക്കി വരുന്ന ഭക്ഷണം എച്ചിലാക്കാതെ അതിന് വകയില്ലാത്തവര്‍ക്ക് കൂടി നല്‍കാന്‍ ശ്രമിക്കുക.

ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന് എപ്പോഴും ഓര്‍ക്കുക.

റിപ്പോർട്ട് : രേഷ്മ പി.എം

Top