ലോകപ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ഗിറ്റാര്‍ ഇതിഹാസം എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു. 65 വയസായിരുന്നു. ദീര്‍ഘനാളായി തൊണ്ടയിലെ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
മകന്‍ വോള്‍ഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്.

1955 ല്‍ നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാമിലായിരുന്നു എഡ്ഡിയുടെ ജനനം. പിതാവ് ജാന്‍ വാന്‍ ഹെലന്‍ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. 1962 ല്‍ എഡ്ഡിയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. 1970 കളുടെ തുടക്കത്തില്‍ സഹോദരന്‍ അലക്‌സിനൊപ്പം എഡ്ഡി വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡ് സ്ഥാപിച്ചു. 1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി.

റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്. 2012-ല്‍ വേള്‍ഡ് മാഗസിന്‍, ലോകത്തിലെ ഏറ്റവും മകിച്ച ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തിരുന്നു.

Top