ലോകകപ്പിനുള്ള സാധ്യതാ ടീമുകള്‍ റെഡിയായി . . ആരവത്തിന് കാതോര്‍ത്ത് ലോകം

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിലേക്ക് ഇനി 29 ദിനങ്ങള്‍ മാത്രം. ഫുട്‌ബോള്‍ ലോകത്തിന്റെ സ്വര്‍ണകപ്പ് നേടാനുള്ള അവസാന പടയൊരുക്കത്തിലാണ് താരങ്ങള്‍. പോരാളികളില്‍ മികച്ചവരില്‍ മികച്ചവരെ തന്നെ സ്വന്തം പാളയത്തില്‍ ഒരുക്കിത്തുടങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയും, മുന്‍ ലോകചാമ്പ്യന്‍മാരായ ബ്രസീലും ,യൂറോപ്യന്‍കരയുടെ ചക്രവര്‍ത്തിമാരായ പോര്‍ച്ചുഗലും ആദ്യസംഘങ്ങളെ പ്രഖ്യാപിച്ചു.

കിരീടപ്പോരില്‍ മുമ്പില്‍ നില്‍ക്കുന്ന അര്‍ജന്റീന, ആദ്യ ടീമിനെ ഒരുക്കികഴിഞ്ഞു. പെറു, മെക്‌സിക്കോ, ക്രൊയേഷ്യ, ഈജിപ്ത്, ദക്ഷിണ കൊറിയ, ഇറാന്‍ എന്നീ ടീമുകള്‍ നേരത്തെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അന്തിമടീമിനെ പ്രഖ്യാപിക്കേണ്ടത് അടുത്തമാസം നാലിനാണ്.

ബ്രസീലിലെ കഴിഞ്ഞ പതിപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയഗോള്‍ നേടിയ മരിയോ ഗോട്‌സെ ഇല്ലാതെയാണ് ജോക്വിം ലോ ജര്‍മനിയുടെ സാധ്യതാപട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ഗോളി മാന്വേല്‍ നോയ 27 അംഗ ടീമില്‍ ഇടംപിടിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലെറോയ് സാനെയും ഇല്‍കായ് ഗുണ്ടോവനും മധ്യനിരക്കാരായുണ്ട്. പ്രീമിയര്‍ ലീഗില്‍നിന്ന് ചെല്‍സിയുടെ അന്റോണിയോ റൂഡിഗെറും അഴ്‌സണലിന്റെ മെസ്യൂട്ട് ഒസീലും ടീമിലെത്തി. മരിയോ ഗോമെസ്, തോമസ് മുള്ളെര്‍, ടിമോ വെര്‍ണെര്‍, ടോണി ക്രൂസ്, സമി ഖദീര തുടങ്ങിയ പ്രമുഖരും പട്ടികയില്‍ ഇടം കണ്ടെത്തി. ഇതിനിടെ ജോക്വിം ലോ 2022 വരെ പരിശീലകനായി തുടരുമെന്ന പ്രഖ്യാപനവും വന്നു.

ലോകകപ്പ് യോഗ്യതാപോരില്‍ പ്രതിരോധത്തിന്റെ കരുത്തായിരുന്ന ഡാനി ആല്‍വേസ് ഇല്ലാതെയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ സാധ്യതാസംഘത്തെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍ പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡാനിലോ കയറി. പരിക്കില്‍നിന്ന് മുക്തനായി പരിശീലനം തുടങ്ങിയ നെയ്മറെ ടിറ്റെ ടീമില്‍ എടുത്തിട്ടുണ്ട്. ഷാക്തര്‍ ഡൊണെത്സ്‌കിന്റെ മുന്നേറ്റക്കാരായ ഫ്രെഡും ടൈസണും അപ്രതീക്ഷിതമായി ടീമില്‍ ഇടംപിടിച്ചു. സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ ഫിര്‍മിനോ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ എന്നിവരാണ് ഇതര മുന്നേറ്റക്കാര്‍.

യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ 35 അംഗ സാധ്യതാടീമിനെയാണ് പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായി ടീമില്‍നിന്ന് റെനാറ്റോ സാഞ്ചെസിനെ ഒഴിവാക്കി. യൂറോ കപ്പ് നേടുന്നതില്‍ പ്രധാന പങ്കുവഹിച്ച കളിക്കാരനായിരുന്നു സാഞ്ചെസ്. അന്ന് ഏറ്റവും മികച്ച യുവതാരമായും സാഞ്ചെസ് തെരഞ്ഞെടുക്കപ്പെട്ടു.

ബയേണ്‍ മ്യൂണിക് സാെഞ്ചസിനെ എടുത്തെങ്കിലും ഫോം നഷ്ടപ്പെട്ടതിനാല്‍ പ്രീമിയര്‍ ലീഗില്‍ സ്വാന്‍സീ സിറ്റിക്ക് കൈമാറി. അവിടെയും സാഞ്ചെസ് തിളങ്ങിയില്ല. പ്രീമിയര്‍ ലീഗില്‍ ഒമ്പതു തവണ മാത്രമാണ് സാഞ്ചെസ് കളിച്ചത്. സാഞ്ചെസ് ഫോം

ആക്രമണത്തിന് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് പോര്‍ച്ചുഗല്‍ ഒരുക്കുന്നത്. പരിചയസമ്പന്നനായ റിക്കാര്‍ഡോ ക്വറെസ്മയും മുന്നേറ്റത്തിലുണ്ട്. ചെറുപ്പക്കാരുടെ നിരതന്നെയുണ്ട് മുന്നേറ്റത്തില്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയതില്‍ പങ്കുവഹിച്ച ബെര്‍നാഡോ സില്‍വ, പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ്ങില്‍ കളിക്കുന്ന ജെല്‍സണ്‍ മാര്‍ടിന്‍സ്, ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് കയറ്റംകിട്ടിയ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിന്റെ റൂബെന്‍ നെവെസ് എന്നിവര്‍ സാധ്യതാടീമില്‍ ഉണ്ട്. യൂറോയില്‍ തിളങ്ങിയ റൂയി പട്രീഷ്യോ, ഹൊസെ ഫോണ്ടെ, വില്യം കര്‍വാലോ എന്നിവരെ നിലനിര്‍ത്തി. ലോകകപ്പില്‍ ക്യാപ്റ്റന്‍ പാവ്‌ലോ ഗ്വെറേറോ ഇല്ലാതെ പെറു റഷ്യയില്‍ പന്തുതട്ടും.

Top