ലോകകപ്പ് ടീം സെലക്ഷൻ; അജിത് അഗാർ‌ക്കർ വെസ്റ്റിൻഡീസിലേക്ക്

ന്യൂഡൽഹി : ഒക്ടോബർ 5ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നിലവിൽ സിലക്‌ഷൻ കമ്മിറ്റിയംഗം സലിൽ അങ്കോള വെസ്റ്റിൻഡീസിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ടെസ്റ്റ് പരമ്പര കഴിയുന്നതോടെ അങ്കോള മടങ്ങിയെത്തും. ഏകദിന മത്സരങ്ങൾ തുടങ്ങും മുൻപ് അഗാർക്കർ ടീമിനൊപ്പം ചേരും – ബിസിസിഐ അറിയിച്ചു.

സിലക്‌ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അജിത് അഗാർക്കർക്ക് ഇന്ത്യൻ ടീമുമായി നേരിൽ സംവദിക്കാൻ സാധിച്ചിരുന്നില്ല. ലോകകപ്പ് ടീം സിലക്‌ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അഗാർക്കറും ദ്രാവിഡും രോഹിത്തും ചർച്ച ചെയ്യുക. ലോകകപ്പിനായി 20 കളിക്കാരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയാണ് ആദ്യപടി. പരുക്ക്, ഫിറ്റ്നസ് പ്രശ്നങ്ങൾ കൂടി പരിശോധിച്ച ശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ടീമിന്റെ തലമുറ മാറ്റം സംബന്ധിച്ച കാര്യങ്ങളും ഇവർ ചർച്ച ചെയ്യും.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനവും റിക്കവറി നടപടികളും തുടരുന്ന പേസർ ജസ്പ്രീത് ബുമ്രയുടെ ഭാവിയെക്കുറിച്ചും ചർച്ചയുണ്ടാകും. ഇന്ത്യൻ എ ടീമിനൊപ്പം അയർലൻഡ് പരമ്പരയിൽ ബുമ്ര കളിച്ചേക്കുമെന്നാണ് സൂചനകൾ.

എന്നാൽ എൻസിഎ സ്പോർട്സ് സയൻസ് ആൻഡ് മെഡിക്കൽ യൂണിറ്റ് ബുമ്രയ്ക്ക് ഇതുവരെ ആർടിപി (റിട്ടേൺ ടു പ്ലേ) സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇതു ലഭിച്ചെങ്കിൽ മാത്രമേ അഹമ്മദാബാദ് സ്വദേശിയായ പേസർക്കു രാജ്യാന്തര ടീമിലേക്കു തിരിച്ചെത്താൻ കഴിയൂ.

അയർലൻഡ് പരമ്പരയ്ക്ക് എൻസിഎ തലവൻ വിവിഎസ് ലക്ഷ്മൺ ആയിരിക്കും ടീമിന്റെ കോച്ച്. വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം രാഹുൽ ദ്രാവിഡിനു വിശ്രമം നൽകുന്നതിനായാണിത്. നേരത്തേ, രവി ശാസ്ത്രി സീനിയർ ടീം പരിശീലകനായിരിക്കെ എൻസിഎ തലവനായിരുന്ന ദ്രാവിഡ് ഇന്ത്യൻ എ ടീമിന്റെ കോച്ചായിട്ടുണ്ട്.

Top