ലോകകപ്പ് ടീമില്‍ ഇടം നേടുകയാണ് തന്റെ ഏറ്റവും വലിയ മോഹം; ഓസ്‌ട്രേലിയന്‍ താരം

ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം നഥാന്‍ ലയണ്‍. ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ലയണിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമാനമായൊരു അവസ്ഥ സൃഷ്ടിക്കാനായിട്ടില്ല. 18 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളും മാത്രം ഓസ്‌ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള ലയണ്‍ ഏതൊരു താരത്തെയും പോലെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ലോകകപ്പെന്ന് വ്യക്തമാക്കി.

ലോകകപ്പില്‍ മുമ്പ് തനിക്ക് ഒരു അവസരം പോലും ലഭിച്ചിട്ടില്ല. തന്റെ ആഗ്രഹ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന മോഹമാണ് അത്. താന്‍ അത് തീവ്രമായി തന്നെ ആഗ്രഹിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഓസ്‌ട്രേലിയയ്ക്കായി മൂന്ന് ഏകദിനങ്ങളില്‍ മത്സരിച്ചുവെങ്കിലും വ്യക്തിപ്രഭാവമൂണ്ടാക്കിയെടുക്കാന്‍ താരത്തിനു സാധിച്ചിരുന്നില്ല. താന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും ഈ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും പറഞ്ഞ ലയണ്‍ ബൗണ്‍സാണ് തന്റെ ഏറ്റവും വലിയ ആയുധം എന്നും പറഞ്ഞു. അതിനൊപ്പം തന്നെ കളിയെ വ്യക്തമായി മനസ്സിലാക്കുവാനും തനിക്ക് സാധിക്കുന്നുണ്ടെന്നും അതുപോലെ വൈവിധ്യങ്ങള്‍ ബൗളിംഗില്‍ കൊണ്ടു വരാന്‍ ആവുന്നതും തന്റെ ശക്തിയാണെന്ന് നഥാന്‍ ലയണ്‍ വ്യക്തമാക്കി.

Top