ആറാം ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്‍റീന; ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് അർജൻറീനയും ക്രൊയേഷ്യയും മുഖാമുഖം. തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. അപാരഫോമിലുള്ള ലയണൽ മെസിയുടെ കരുത്തിൽ ആറാം ഫൈനൽ പ്രവേശമാണ് അർജൻറീന സ്വപ്നം കാണുന്നത്. ക്വാർട്ടറിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ടീമുകൾ ഇറങ്ങുകയെന്നാണ് സൂചന.

തുടർച്ചയായി രണ്ടാം വട്ടവും ക്രോട്ടുകളെ ലോകകപ്പിൻറെ സെമിയിലെത്തിച്ച ഡാലിച്ച് ക്രോയേഷ്യക്കാർക്കിന്ന് ഇതിഹാസമാണ്. കരിയറിലെ ഒടുക്കത്തെ ഫോമിൽ കളിക്കുന്ന ലയണൽ മെസി തന്നെയാണ് അർജൻറീനയുടെ ഇന്ധനം നെതർലാൻറിസിനെ എക്സ്ട്രാ ടൈമിൽ ഇറങ്ങിയ ഡി മരിയ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.

ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ ഊന്നൽ നല്കിക്കൊണ്ടുള്ള 4-3-3 ശൈലിയിൽ തന്നെയാകും ഇന്ന് അർജൻറീന ഇറങ്ങുക. ലൂക്ക മോഡ്രിച്ച് അടങ്ങുന്ന ക്രോട്ട് മധ്യനിര വലിയ വെല്ലുവിളിയാണെന്നും കടുപ്പമേറിയ പോരാട്ടമാണെന്നും അർജൻറീന കോച്ച് ലയണൽ സ്കലോണി ദോഹയിൽ പറഞ്ഞു. ലോകകപ്പിൽ അഞ്ച് തവണയാണ് അർജൻറീന ഇതിന് മുമ്പ് ഫൈനലിലെത്തിയത്. സെമിയിൽ തോറ്റ് ഇതുവരെ പുറത്തായിട്ടില്ലെന്നതും ടീമിന് ആത്മവിശ്വാസം പകരുന്ന കണക്കാണ്. ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് മത്സരം.

Top