ലോകകപ്പ് യോഗ്യതാ മത്സരം: രണ്ടാം റൗണ്ടില്‍ ഖത്തറിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ

ഭൂവനേശ്വര്‍: ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ടീം ഇന്ത്യ. നാലാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ആഘാതമേല്‍പ്പിച്ച് ഖത്തറിന് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനായി. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഖത്തറിനെതിരെ ഗോളടിക്കാനായില്ല. ആദ്യ പകുതിയില്‍ തുടക്കത്തില്‍ വഴങ്ങിയ ഗോളൊഴിച്ചാല്‍ ഖത്തര്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് നില്‍ക്കാനായി.

ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി ആദ്യ സ്‌കോര്‍ ചെയ്തത്. അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 86-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ അവസാന ഗോള്‍ പിറന്നത്. മുഹമ്മദ് വാദ് നീട്ടി നല്‍കിയ പന്ത് ഹെഡറിലൂടെ യൂസുഫ് അബ്ദുറിസാഗാണ് വലയിലെത്തിച്ചത്.

യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ 8-1ന് തകര്‍ത്തിരുന്നു. ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് 63-ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. ഇന്നത്തെ ജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എ യില്‍ ഖത്തര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 15 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ് ഖത്തര്‍ തടയിട്ടത്.

Top