ലോകകപ്പ് യോഗ്യത: ബ്രസീലും അര്‍ജന്റീനയും നാളെ മൈതാനത്തിലേക്ക്

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അര്‍ജന്റീനയും ബ്രസീലും കളിക്കുക. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് പരാഗ്വേയും അര്‍ജന്റീനയ്ക്ക് കൊളംബിയയുമാണ് എതിരാളികള്‍.

ലൂയിസ് സുവാരസിന്റെ യുറൂഗ്വേ വെനസ്വേലയുമായി ഏറ്റുമുട്ടും. വിശ്രമം നല്‍കിയ നായകന്‍ ലിയോണല്‍ മെസ്സി ഇല്ലാതെ ഇറങ്ങുന്ന അര്‍ജന്റീനയുടെ കളിതുടങ്ങുക ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന്.

അവസാന ഇരുപത്തിയെട്ട് കളിയിലും തോല്‍വി അറിയാത്ത അര്‍ജന്റീന എമിലിയാനോ മാര്‍ട്ടിനസ്, ഗോണ്‍സാലോ മോണ്ടിയേല്‍, ജെര്‍മന്‍ പസല്ല, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മാര്‍ക്കോസ് അക്യൂന, ലൂക്കാസ് ഒകംപോസ്, ഗുയ്‌ഡോ റോഡ്രിഗസ്, ജിയോവനി ലോ സെല്‍സോ, നിക്കോളാസ് ഗോണ്‍സാലെസ് അല്ലെങ്കില്‍ പൗളോ ഡിബാല, ലൗറ്ററോ മാര്‍ട്ടിനസ്, ഏഞ്ചല്‍ ഡി മരിയ എന്നിവരെ ആദ്യ ഇലവനില്‍ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മുക്തനായ കോച്ച് ലിയോണല്‍ സ്‌കലോണിയും ടീമിനൊപ്പമുണ്ടാവും.

ബ്രസീല്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറിനാണ് പരാഗ്വേയെ നേരിടുക. സസ്‌പെന്‍ഷനിലായ എമേഴ്‌സണ്‍ റോയലും എഡര്‍ മിലിറ്റാവോയും കൊവിഡ് ബാധിതനായ അലക്‌സ് സാന്ദ്രോയും ബ്രസീല്‍ നിരയിലുണ്ടാവില്ല. കാസിമിറോ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാസ് പക്വേറ്റേ, തിയാഗോ സില്‍വ, ഫാബീഞ്ഞോ തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത. കൂടുതല്‍ യുവതാരങ്ങള്‍ക്ക് മത്സരത്തില്‍ അവസരം നല്‍കുമെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്.

അലിസണ്‍ ബെക്കര്‍ അല്ലെങ്കില്‍ എഡേഴ്‌സണ്‍, ഡാനി ആല്‍വസ്, മാക്വീഞ്ഞോസ്, ഗബ്രിയേല്‍ മഗാലെസ്, അലക്‌സ് ടെല്ലസ്, ബ്രൂണോ ഗിമറെസ്, ഫ്രെഡ് , ഫിലിപെ കുടീഞ്ഞോ, റഫീഞ്ഞ, ആന്റണി, മത്തേയൂസ് കൂഞ്ഞ എന്നിവര്‍ ബസീലിന്റെ ആദ്യ ഇലനിവില്‍ എത്തുമെന്നാണ് കരുതുന്നത്.

14 കളിയില്‍ 36 പോയിന്റുള്ള ബ്രസീല്‍ ഒന്നും 32 പോയന്റുള്ള അര്‍ജന്റീന രണ്ടും സ്ഥാനങ്ങളിലാണ്. 24 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇക്വഡോര്‍ 20 പോയന്റുമായി നാലാം സ്ഥാനത്തുള്ള പെറുവിനെ നേരിടും.

 

Top