ലോകകപ്പ് യോഗ്യത, സലായെ ഈജിപ്റ്റിലേക്ക് അയക്കില്ല; ലിവര്‍പൂള്‍

ലണ്ടന്‍ : ഈജിപ്ഷ്യന്‍ സ്‌ട്രെക്കര്‍ മുഹമ്മദ് സലയെ അടുത്തയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരത്തിന് വിട്ടുനല്‍കില്ലെന്ന് ലിവര്‍പൂള്‍. കൊവിഡ് സാഹചര്യത്തില്‍ ലണ്ടനില്‍ നിലനില്‍ക്കുന്ന ക്വാറന്റൈന്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ രണ്ടിന് അംഗോളയ്ക്കെതിരെ കെയ്റോയില്‍ നടക്കുന്ന ഹോംമാച്ചാണ് ഈജിപ്റ്റിന്റെ അടുത്ത മത്സരം. നിലവില്‍ യുകെ സര്‍ക്കാര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഈജിപ്റ്റ്. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യുകെയില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.

ഇതോടെയാണ് 29കാരനായ താരത്തെ ഈജിപ്റ്റിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ക്ലബ് എത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അഞ്ചാം തിയ്യതി ഗാബോണിനെതിരെ നടക്കുന്ന മത്സരത്തിനായി താരത്തെ വിട്ട് നല്‍കുന്നതില്‍ ക്ലബ്ബിന് വിരോധമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുകെയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ബ്രസീലിന്റെ താരങ്ങളായ ആലിസന്‍ ബെക്കര്‍, ഫാബിനോ, ഫിര്‍മിനോ എന്നീ താരങ്ങള്‍ക്കുമേലും സമാന നിയന്ത്രണങ്ങളുണ്ട്.

 

Top