ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് ജയം

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടിയ മത്സരത്തില്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്.

ആദ്യ 17 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ എത്താന്‍ പോര്‍ച്ചുഗലിനായിരുന്നു. 8 ആം മിനിറ്റിലും 13 ആം മിനിറ്റിലും ലഭിച്ച പെനാള്‍ട്ടികള്‍ എളുപ്പം വലയില്‍ എത്തിച്ച് റൊണാള്‍ഡോയാണ് ഗോള്‍വേട്ട തുടങ്ങിയത്. 17ആം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 69 ആം മിനിറ്റില്‍ പളിനോ ആണ് പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ നേടിയത്. 87ആ മിനിറ്റില്‍ ഏവരും കാത്തിരുന്ന റൊണാള്‍ഡോയുടെ ഹാട്രിക്ക് ഗോള്‍ എത്തി.

റൊണാള്‍ഡോയുടെ കരിയറിലെ 58 ആം ഹാട്രിക്കും പോര്‍ച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 115 ആക്കി ഉയര്‍ത്താനും റൊണാള്‍ഡോക്ക് ആയി. ജയത്തോടെ ആറ് മത്സരങ്ങളില്‍ 16 പോയിന്റുമായി ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍.

Top