ഖത്തര്‍ ഫിഫയ്ക്ക് കെക്കൂലി നല്‍കിയെന്ന് ആരോപണം

2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഖത്തര്‍ ഫിഫയ്ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപണം. 400 മില്യന്‍ ഡോളര്‍ (2792 കോടി രൂപ) നിയമവിരുദ്ധമായി ഫിഫയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 3350 കോടി രൂപ കൂടി നല്കാമെന്ന വാഗ്ദാനവും പുറത്തുവന്നിട്ടുണ്ട്. ഖത്തര്‍ സര്‍ക്കാരിന്റെ കീഴിലുള്ള പ്രമുഖ മാധ്യമമാണ് ടിവി കരാറിന്റെ മറവില്‍ രഹസ്യ ഇടപാട് നടത്തിയതെന്നും ആരോപണമുണ്ട്.

2022ലെ ലോകകപ്പ് നടത്തിപ്പിനുള്ള അവകാശം ഖത്തറിനു ലഭിച്ചാല്‍ 698 കോടി രൂപയാണ് ഫീസ് ഇനത്തില്‍ ഉറപ്പു നല്‍കിയിരുന്നത്. സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഖത്തറില്‍ നിന്നും കോഴ വാങ്ങിയാണ് ഫിഫ തലവനായിരുന്ന ജോസഫ് സെപ് ബ്ലാറ്റര്‍ വേദി അനുവദിച്ചതെന്ന ആരോപണത്തില്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ കോളിളക്കമുണ്ടായിരുന്നു.

അതേസമയം ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ കുവൈത്തിനെയും ഒമാനെയും കൂടി പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ നടത്തുന്ന സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ച് മാത്രമെ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും ഖത്തര്‍ ലോകകപ്പ് പ്രോജക്ട് സിഇഒ നാസര്‍ അല്‍ ഖാത്തിര്‍ പറഞ്ഞു. ഈ മാസം അമേരിക്കയിലെ മിയാമിയില്‍ ചേരുന്ന ഫിഫ ഉന്നതാധികാര സമിതി ടീമുകളുടെ എണ്ണം കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനങ്ങളുണ്ടാകൂ.

Top