ഇന്ത്യ പാക്കിസ്ഥാനെതിരെ മത്സരിക്കണം,എതിര്‍ ടീമിന് ഗുണകരം; ഗവാസ്‌കര്‍

മുംബൈ: ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ മത്സരിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ മത്സരം ബഹിഷ്‌കരിച്ചാല്‍ അത് എതിര്‍ ടീമിന് ഗുണകരമായ കാര്യമാകുമെന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
കളത്തിലറങ്ങാതിരുന്നാല്‍ അത് പാക്കിസ്ഥാന് രണ്ട് പോയിന്റ് ദാനം നല്‍കുന്നതിന് തുല്യമായിരിക്കും.

മത്സരം ബഹിഷ്‌കരിക്കുന്നതിന് പകരം പാകിസ്ഥാനെതിരെ കളിച്ച് അവര്‍ കലാശക്കളിക്ക് യോഗ്യത നേടുന്നില്ലെന്ന് ഉറപ്പിക്കുകയാണ് വേണ്ടതെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏതെങ്കിലും തരത്തിലുള്ള തീരുമാനമെടുത്താല്‍ താനത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് ഇതുവരെ തോറ്റിട്ടില്ലെന്നത് വസ്തുതയാണ്. ലോകകപ്പ് മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം, പരസ്പരമുള്ള പരമ്പരകളില്‍ സഹകരിക്കാതെ ഇന്ത്യക്ക് പ്രതിഷേധം അറിയിക്കാവുന്നതേയുള്ളു. താന്‍ ഏറ്റവും ബഹുമാനിക്കുന്ന ക്രിക്കറ്ററായ ഇംറാന്‍ ഖാനാണ് ഇന്ന് പാകിസ്ഥാന്‍ ഭരിക്കുന്നത്.

പരസ്പമുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം മുന്‍കൈ എടുക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഗവാസ്‌ക്കര്‍ രംഗത്ത് വന്നത്.

Top