ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം; അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും

അസുന്‍സിയോണ്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും. കോപ്പ അമേരിക്കയ്ക്ക് മുന്‍പ് ഇരു ടീമുകളുടേയും അവസാന മത്സരമാണിത്. കോപ്പ അമേരിക്കയില്‍ ഇറങ്ങും മുന്‍പ് വിജയവഴിയിലെത്തുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.

കൊളംബിയയാണ് എതിരാളികള്‍. ഇന്ത്യന്‍സമയം പുലര്‍ച്ചെ നാലരയ്ക്ക് മത്സരം തുടങ്ങും. ചിലെക്കെതിരെ ഒരുഗോളിച്ച് സമനില വഴങ്ങിയ അര്‍ജന്റൈന്‍ ടീമില്‍ മാറ്റം ഉറപ്പ്. സസ്പെന്‍ഷന്‍ മാറിയ നിക്കോളാസ് ടാക്ലിയാഫിക്കോ പ്രതിരോധത്തില്‍ തിരിച്ചെത്തും. മധ്യനിരയിലും അഴിച്ചുപണിയുണ്ടാവും.

കൊവിഡ് ബാധിതനായ ഗോളി ഫ്രാങ്കോ അര്‍മാനി ഇല്ലാതെയാണ് ലിയോണല്‍ മെസിയും സംഘവും കൊളംബിയയില്‍ എത്തിയിരിക്കുന്നത്. ചിലെക്കെതിരെ അരങ്ങേറ്റും കുറിച്ച എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍കീപ്പറായി തുടരും. സെര്‍ജിയോ അഗ്യൂറോ ടീമില്‍ തിരിച്ചെത്തിയെങ്കിലും മെസി, ലൗറ്ററോ മാര്‍ട്ടിനസ്, എഞ്ചല്‍ ഡി മരിയ എന്നിവര്‍ തന്നെ മുന്നേറ്റനിരയില്‍ തുടരും.

എല്ലാ കളിയും ജയിച്ചെത്തുന്ന ബ്രസീലിന് പരാഗ്വേയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ ആറ് മുതലാണ് മത്സരം. മധ്യനിരയില്‍ ഫ്രെഡിന് പകരം സസ്പെന്‍ഷന്‍ കഴിഞ്ഞ ഡഗ്ലസ് ലൂയിസും ഇക്വഡോറിനെതിരെ നിരാശപ്പെടുത്തിയ ഗാബി ഗോളിന് പകരം റോബര്‍ട്ടോ ഫിര്‍മിനോയും ടീമിലെത്താന്‍ സാധ്യതയുണ്ട്.

നെയ്മറും റിച്ചാര്‍ലിസനുമായിരിക്കും മുന്നേറ്റനിരയിലെ മറ്റ് താരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ 15 പോയിന്റുമായി മേഖലയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 11 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തും.

കോപ്പ അമേരിക്കയില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ബ്രസീല്‍ താരങ്ങള്‍ പരാഗ്വേക്കെതിരായ മത്സരശേഷം നിലപാട് വ്യക്തമാക്കും. മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്നതില്‍ ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്ന് നായകന്‍ കാസിമിറോ നേരത്തെ വ്യക്തമാക്കിയിരുന്നു.

അര്‍ജന്റീനയ്ക്ക് സമാനമായി കൊവിഡ് പ്രശ്നങ്ങള്‍ ബ്രസീലില്‍ നില്‍ക്കുന്നതായാണ് താരങ്ങള്‍ വാദിക്കുന്നത്. താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്ക്ക് കിക്കോഫാകുന്നത്. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ടൂര്‍ണമെന്റ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊളംബിയക്കും കൊവിഡ് മഹാമാരി അര്‍ജന്റീനയ്ക്കും വേദി നഷ്ടമാകാന്‍ കാരണമായി. ഇതോടെയാണ് വേദിയായി ബ്രസീലിനെ കോണ്‍മെബോള്‍ തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് അര്‍ജന്റീന സ്ഥിരീകരിച്ചിട്ടുണ്ട്.

 

Top