ലോകകപ്പ്; ഫുട്‌ബോള്‍ നഗരമായി അണിഞ്ഞൊരുങ്ങാന്‍ ദോഹ

ലോകകപ്പിന് മാസങ്ങൾ മാത്രമകലെയെത്തിനിൽക്കുന്ന ലോകകപ്പിനെ വരവേൽക്കാൻ അടിമുടി ഒരുങ്ങുകയാണ് ഖത്തർ. ഫുട്‌ബോൾ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകൾ കണക്കെ ദോഹയും ഫുട്‌ബോൾ നഗരമായി മാറും.

ഇതിഹാസങ്ങളുടെയും അത്യപൂർവ കാൽപന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകൾ ആകെ ഉത്സവാന്തരീക്ഷത്തിൽ മുങ്ങും.

‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികൾ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയിൽ പൊതുജനങ്ങൾക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം. പൊതുജനങ്ങളുടെയും സർക്കാർ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ, രാജ്യത്തെ നഗരസൗന്ദര്യവൽകരണ ചുമതലയുള്ള സൂപ്പർവൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷനാണ് ദോഹയെ ഒരു ഫുട്‌ബോൾ നഗരമാക്കി മാറ്റനുള്ള പദ്ധതികൾക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.

സ്‌കൂളുകൾ, കിൻഡർ ഗാർട്ടനുകൾ, സർവകലാശാലകൾ, മുനിസിപ്പാലിറ്റികൾ, പൊതുസ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.

Top