ലോകകപ്പ് ക്രിക്കറ്റ്; നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇംഗ്ലണ്ടിന് ടോസ്. അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ഫിനിഷ് ചെയ്താല്‍ മാത്രമേ 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇംഗ്ലണ്ടിന് യോഗ്യത ലഭിക്കൂ. നിലവില്‍ ലോകകപ്പ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഓറഞ്ച് പടയാകട്ടെ ഒമ്പതാമതും. ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ചാമ്പ്യന്മാര്‍ ശേഷിച്ച രണ്ടു കളിയെങ്കിലും ജയിച്ച് മാനം കാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡിന് 2 വിജയവും, 4 പോയിന്റുമുണ്ട്, എന്നാല്‍ ഇംഗ്ലണ്ടിന്റെ ഏക ജയം ബംഗ്ലാദേശിനെതിരെയായിരുന്നു. നെതര്‍ലന്‍ഡിന് സെമി സാധ്യത ഇപ്പോഴും പൂര്‍ണ്ണമായി തള്ളിക്കളയാറായിട്ടില്ല. രണ്ടു മല്‍സരങ്ങള്‍ കൂടി ബാക്കിനില്‍ക്കെ ഇപ്പോഴും നേരിയ സാധ്യതയുണ്ട്. അതേസമയം ഇംഗ്ലണ്ടിനോട് ഇന്നു തോല്‍ക്കുകയാണെങ്കില്‍ നെതര്‍ലാന്‍ഡ്‌സും ലോകകപ്പില്‍ നിന്നും പുറത്താവും.

Top