ലോകകപ്പ് ക്രിക്കറ്റ്; ഇംഗ്ലണ്ടിന് വിജയ തുടക്കം, ഇന്ന് വെസ്റ്റിന്‍ഡീസും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും

12ാം ക്രിക്കറ്റ് ലോകകപ്പ് സീസണ്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 50 ഓവറില്‍ 311/8 എന്ന സ്‌കോര്‍ നേടിയപ്പോള്‍, ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗിലും ബോളിംഗിലും, ഫീല്‍ഡിംഗിലും തിളങ്ങിയ ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സാണ് കളിയിലെ താരമായത്.

അതേസമയം ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് പാകിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക.

തുടക്കത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ സൂപ്പര്‍ ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ പുറത്ത്. അപ്രതീക്ഷിതമായി ആദ്യ ഓവര്‍ എറിഞ്ഞ ഇമ്രാന്‍ താഹിറിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ അപ്പോള്‍ ഒരു റണ്‍ മാത്രമായിരുന്നു. എന്നാല്‍ അപ്രതീക്ഷിത അടിയില്‍ പകച്ചുപോകാതെ ഇംഗ്ലണ്ട് നിലയുറപ്പിക്കുകയായിരുന്നു.

Top