ഇംഗ്ലണ്ടിനെ തകര്‍ത്ത് ആസ്‌ട്രേലിയ സെമിയില്‍; 64 റണ്‍സ് ജയം

ലണ്ടന്‍: ഇംഗ്ലണ്ടിനെ പരാജയപ്പെടിത്തി ആസ്‌ട്രേലിയ ലോകകപ്പ് മത്സരത്തിന്റെ സെമിയിലേക്ക് കടന്നു. 64 റണ്‍സിനാണ് ആസ്‌ട്രേലിയയുടെ വിജയം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടന്നതിനിടെ ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോര്‍ നേടിയത്. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഫിഫ്റ്റി നേടിയ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് മികച്ച സ്‌കോറില്‍ എത്തിച്ചത്. സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 38 റണ്‍സും അലക്‌സ് കാരി 27 പന്തില്‍ 38 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഫിഞ്ചും വാര്‍ണറും ശ്രദ്ധയോടെ ഇംഗ്ലീഷ് ബൗളിംഗിനെ നേരിട്ടു. 61 പന്തില്‍നിന്ന് ഫിഞ്ച് ആദ്യം അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 52 പന്ത് നേരിട്ട വാര്‍ണര്‍ പിന്നാലെ അരസെഞ്ചുറിയിലേക്ക് എത്തി. തൊട്ടുപിന്നാലെ മോയിന്‍ അലിക്ക് ഇരയായി വാര്‍ണര്‍ മടങ്ങി. ഇതിനിടെ ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ പദവി വാര്‍ണര്‍ (500 റണ്‍സ്) അടിച്ചെടുത്തിരുന്നു. 123 റണ്‍സാണ് ഓസീസ് ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

മൂന്നാമനായി എത്തിയ ഉസ്മാന്‍ ഖവാജ ഫിഞ്ചിനു പിന്തുണ നല്‍കാനാണു ശ്രമിച്ചത്. എന്നാല്‍ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഫിഞ്ച് പുറത്തായി. 116 പന്തില്‍നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പെടെ 100 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി കുറിച്ച ഫിഞ്ച് ലോകകപ്പ് ടോപ് സ്‌കോറര്‍മാരുടെ പട്ടിക (496 റണ്‍സ്) യില്‍ വാര്‍ണര്‍ക്കു പിന്തില്‍ രണ്ടാം സ്ഥാനത്തെത്തി. 23 റണ്‍സ് നേടി ഖവാജയും മടങ്ങി.

മാക്സ്വെല്‍ ചില കൂറ്റനടികള്‍ നടത്തിയെങ്കിലും അമിതാവേശം വിനയായി. എട്ടു പന്തില്‍ 12 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റീവന്‍ സ്മിത്ത് 38 റണ്‍സ് നേടി ക്രിസ് വോക്സിന് ഇരയായി മടങ്ങി. ഒരു ഘട്ടത്തില്‍ 213/3 എന്ന നിലയിലായിരുന്ന ഓസീസ് 259/7 എന്ന നിലയിലേക്കു തകര്‍ന്നു. അവസാന ഓവറുകളില്‍ അലക്സ് കാരെ നടത്തിയ മികച്ചപ്രകടനമാണ് ഓസീസിനെ താരതമ്യേന സുരക്ഷിതമായ സ്‌കോറില്‍ എത്തിച്ചത്. കാരെ 27 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെനിന്നു.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് രണ്ടു വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. പത്തോവര്‍ എറിഞ്ഞ ആദില്‍ റഷീദിന് വിക്കറ്റൊന്നും ലഭിച്ചില്ല. ഈ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ലോകകപ്പിലെ അടുത്ത രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിര്‍ണായകമാണ്.

Top