വിധിയെ സ്വാഗതം ചെയ്യുന്നു; കല്‍ഭൂഷനെതിരെ നിയമനടപടികള്‍ തുടരുമെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ് :കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ സ്വാഗതം ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചാരനെന്നു മുദ്രകുത്തിയ കല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ പുനഃപരിശോധിക്കണമെന്നും പാക്കിസ്ഥാനോട് ഉത്തരവിട്ടിരുന്നു.

‘പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ രാജ്യാന്തര നീതിന്യായ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. മോചിപ്പിച്ച് ഇന്ത്യയിലേക്കു മടക്കി അയയ്ക്കണമെന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ കോടതി തീരുമാനത്തെ അഭിനന്ദിക്കുന്നു. കുല്‍ഭൂഷണിനെതിരായ നിയമനടപടികള്‍ തുടരും’ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

ജാദവിന്റെ വിഷയം കൈകാര്യം ചെയ്തതില്‍ വിയന്ന കരാറിലെ 36ാം വകുപ്പിന്റെ ലംഘനമാണുണ്ടായതെന്നും, അതിലൂടെ രാജ്യാന്തരമായ പിഴവാണ് പാക്കിസ്ഥാന്‍ വരുത്തിയതെന്നും കോടതി വ്യക്തമാക്കി. പതിനാറംഗ ജൂറിയില്‍ 151 ഭൂരിപക്ഷത്തോടെയാണ് വിധി.

ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.

കോടതി വധശിക്ഷ തടഞ്ഞു. ശിക്ഷനടപടി രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിച്ചു. കുല്‍ഭൂഷന് കോണ്‍സുലര്‍ സഹായം നിഷേധിക്കുന്ന പാക്ക് നടപടി വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ പിടിയിലായത്.

Top