കാൾസന് എതിരാളി നെപോമ്ന്യാച്ചി; ലോക ചെസ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കം

ദുബായ്: തന്ത്രങ്ങളൊരുങ്ങിക്കഴിഞ്ഞു. നാലുതവണ കൈവെള്ളയില്‍ വെച്ച ലോകകിരീടം നിലനിര്‍ത്താന്‍ മാഗ്‌നസ് കാള്‍സന്റെ തേരോട്ടത്തിന് വെള്ളിയാഴ്ച ദുബായില്‍ തുടക്കമാകും. ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 14 വരെ നടക്കും. റഷ്യയുടെ ഇയാന്‍ നെപോമ്ന്യാച്ചിയാണ് കാള്‍സന്റെ എതിരാളി.

കഴിഞ്ഞവര്‍ഷം നടക്കേണ്ട ചാമ്പ്യന്‍ഷിപ്പ് കോവിഡ് കാരണമാണ് ഈ വര്‍ഷത്തേക്കു നീട്ടിയത്. മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി, 12 ഗെയിമുകള്‍ക്കു പകരം ഇത്തവണ 14 ഗെയിമുണ്ടാവും. 3, 5, 8, 10, 13 ഗെയിമുകള്‍ക്കു ശേഷമുള്ള ദിവസം വിശ്രമദിനമായിരിക്കും. ആദ്യം 7.5 പോയന്റ് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. പോയന്റില്‍ തുല്യത പാലിച്ചാല്‍ ടൈബ്രേക്ക് മത്സരങ്ങള്‍ക്കായി ഡിസംബര്‍ 15 ഉപയോഗിക്കും. ബുധനാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. ദുബായ് എക്‌സ്പോക്കിടെയാണ് ഇക്കുറി മത്സരം. 20 ലക്ഷം യു.എസ്. ഡോളറാണ് ആകെ സമ്മാനത്തുക (ഏകദേശം 14.88 കോടി രൂപ). ഇതില്‍ 8.93 കോടി രൂപ വിജയിക്കും 5.95 കോടി രൂപ പരാജിതനും ലഭിക്കും.

കാള്‍സണ്‍ ലോക ഒന്നാംനമ്പര്‍ താരമാണെങ്കിലും ക്ലാസിക്കല്‍ രീതിയിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മുന്നില്‍ ഇയാനാണ്. 13 ഗെയിമുകളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇയാന്‍ നാലെണ്ണത്തില്‍ വിജയം കണ്ടു. കാള്‍സണ് വിജയിക്കാനായത് ഒന്നില്‍ മാത്രം. എട്ടെണ്ണം സമനിലയില്‍ അവസാനിച്ചു. എന്നാല്‍, മറ്റു ഫോര്‍മാറ്റുകളില്‍ കാള്‍സണ്‍ 22-10 എന്ന രീതിയില്‍ മുന്നിലാണ്. മുമ്പ് യൂത്ത് ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നുതവണ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുതവണയും വിജയം ഇയാെനാപ്പമായിരുന്നു.

2013-ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചതു മുതല്‍ ലോകചാമ്പ്യനാണ് കാള്‍സണ്‍. കണക്കുകളിലും വിശകലനങ്ങളിലുമെല്ലാം ബഹുദൂരം മുന്നില്‍. എന്നാല്‍, അതിനെയെല്ലാം തകിടംമറിക്കാനൊരുങ്ങിയാണ് ഇയാന്റെ വരവ്. യൂറോപ്യന്‍ വ്യക്തിഗത ചാമ്പ്യന്‍, രണ്ടുതവണ റഷ്യന്‍ ചാമ്പ്യന്‍, ലോകകപ്പ് നേടിയ റഷ്യന്‍ ടീമില്‍ അംഗം എന്നീ നേട്ടങ്ങള്‍ക്കുടമയാണ് ഇയാന്‍. കഴിഞ്ഞവര്‍ഷത്തെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വിജയിച്ചാണ് കാള്‍സണെ നേരിടാന്‍ അര്‍ഹത നേടിയത്. റഷ്യയ്ക്ക് ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ ഉപരോധമുള്ളതിനാല്‍ ഇയാന്‍ മത്സരിക്കുന്നത് ഫിഡെയുടെ പതാകയ്ക്കു കീഴിലാണ്.

Top