ഡെൻമാർക്കിനെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ; എംബാപെ രണ്ട് ഗോൾ നേടി

ദോഹ: ​ഗ്രൂപ്പ് ‍ഡിയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചു. രണ്ട് വിജയങ്ങളോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഫ്രാൻസിന് വേണ്ടി എംബാപെയാണ് രണ്ട് ​ഗോളുകളും നേടിയത്. ഡെൻമാർക്കിന്റെ ​ഗോൾ ക്രിസ്റ്റ്യൻസന്റെ വകയായിരുന്നു. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം തന്നെയാണ് ഫ്രഞ്ച് നിര പുറത്തെടുത്തത്.

ഡെന്‍മാര്‍ക്കിന്‍റെ അതിവേഗ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഇതോടെ കളിയുടെ വേഗം കുറച്ച് പാസിംഗിലൂടെ പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കാന്‍ ഫ്രാന്‍സ് ആരംഭിച്ചു. എംബാപ്പെയിലൂടെയും ഡെംബെലയിലൂടെയും ഇരു വിംഗിലൂടെയും ആക്രമണങ്ങളും നടത്തി. കൃത്യമായ പൊസിഷന്‍ ഉറപ്പാക്കി ഫ്രാന്‍സിന്റെ പിഴവുകള്‍ മുതലാക്കി കൗണ്ടര്‍ അറ്റാക്ക് നടത്തുക എന്ന തന്ത്രമായിരുന്നു ഡെന്‍മാര്‍ക്കിന്റേത്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തന്നെയായിരുന്നു കളത്തില്‍ നിറഞ്ഞുനിന്നത്. പലപ്പോഴും ഗോള്‍ പിറക്കാതിരുന്നത് ഡെന്‍മാര്‍ക്കിന്റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ബോൾ പൊസിഷനിൽ ഫ്രാൻസിനൊപ്പം പിടിച്ച് നിന്ന് കൊണ്ടാണ് രണ്ടാം പകുതി ഡെൻമാർക്ക് ആരംഭിച്ചത്. കൗണ്ടറുകൾ കൂടാതെ മികച്ച ബിൽഡ് അപ്പുകൾ നടത്താനും ഡാനിഷ് നിരയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ കഴിഞ്ഞു. എന്നാൽ 61-ാം മിനിറ്റിൽ നിരന്തര ആക്രമണങ്ങൾക്കുള്ള ഫലം ഫ്രാൻസ് നേടി. ഇടത് വിം​ഗിൽ ആവശ്യത്തിലധികം സ്പേസ് ലഭിച്ചതോടെ പന്തുമായി കുതിച്ച തിയോ എംബപെയ്ക്ക് നൽകിയ ശേഷം ബോക്സിലേക്ക് പാഞ്ഞു കയറി. തിയോയിലേക്ക് പന്തെത്തിച്ച് എംബാപെ ബോക്സിന് നടുവിൽ എത്തിയപ്പോൾ തന്നെ തിയോയുടെ പാസ് എത്തി. ഫസ്റ്റ് ടൈം ഷോട്ടെടുത്ത എംബാപെയെ തടുക്കാൻ ഡാനിഷ് പ്രതിരോധ നിരയ്ക്കോ ഷ്മൈക്കലിനോ കഴിഞ്ഞില്ല.

ഇതിന് മറുപടി നൽകാൻ ഡെൻമാർക്കിന് അധികം സമയം വേണ്ടി വന്നില്ല. എറിക്സന്റെ മനോഹരമായ കോർണറാണ് ​ഗോളിൽ കലാശിച്ചത്. ആൻഡേഴ്സണിന്റെ സഹായം കൂടി ലഭിച്ചപ്പോൾ പന്ത് എത്തിയത് ക്രിസ്റ്റ്യൻസന്റെ തലപ്പാകത്തിനാണ്. ബാർസ താരത്തിന് പിഴയ്ക്കാതിരുന്നപ്പോൾ ഫ്രഞ്ച് ​ഗോളി ഹ്യൂ​ഗോ ലോറിസിന് കൂടുതൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പക്ഷേ, എംബാപെയെന്ന ​ഗോൾ ദാഹി വീണ്ടും ഫ്രാൻസിനെ മുന്നിലെത്തിച്ചു. 86-ാം മിനിറ്റിൽ വലതു വിം​ഗിൽ നിന്നുള്ള ​ഗ്രീസ്മാന്റെ ക്രോസ് വിദ​​ഗ്ധമായി പിഎസ്ജി താരം വലയിലാക്കി. ഇതിന് മറുപടി നൽകാൻ ഡാനിഷ് നിരയ്ക്ക് പിന്നീട് കഴിഞ്ഞില്ല.

Top