ഇന്നുമുതല്‍ ഭയക്കരുത്, കാന്‍സര്‍ മാരകരോഗമല്ല; മാറ്റേണ്ടത് രോഗിയെ അല്ല ചിന്താഗതിയെ!

കാന്‍സര്‍ എന്ന രോഗം ഇന്ന് സര്‍വ്വസാധാരണമായി കാണുന്ന ഒന്നാണ്. എന്നാല്‍, ലക്ഷണങ്ങളോടുകൂടി ഡോക്ടറെ സമീപിക്കുമ്പോള്‍, അവര്‍ ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ദേശിക്കുമ്പോള്‍ തുടങ്ങും നമ്മുടെ ഉള്ളില്‍ ഭയം. അത് വല്ലാത്തൊരു അവസ്ഥയാണ്. എത്ര മനക്കരുത്ത് ഉള്ളയാളും തളരുന്ന നിമിഷം. തനിക്ക് കാന്‍സറാണെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കാന്‍ കഴിയാത്ത ചിലരുണ്ട്. അവര്‍ പൊട്ടിക്കരയും, മറ്റുചിലരാകട്ടെ നിശബ്ദരായിരിക്കും.

ഇന്ന് ലോക കാന്‍സര്‍ ദിനം, മാറാ രോഗമാണെന്ന് കരുതി ഭയന്നും വിറച്ചും സങ്കടപ്പെട്ടും ജീവിതം മടുത്തും കഴിച്ചുകൂട്ടേണ്ട ഒരു ദിവസമല്ലിന്ന്. കാന്‍സറെന്ന ഭീകരനെ തളച്ച, അതിനെ അതിജീവിച്ചുകൊണ്ട് സ്വാഭാവിക ജീവിതം തിരികെപ്പിടിക്കാന്‍ പോരാടുന്ന നമുക്കിടയിലെ പോരാളികളെ ആദരിക്കേണ്ട, അവര്‍ക്കൊപ്പം സമയം ചിലവാക്കേണ്ട ദിവസമാണ്. നാം കണ്ട സിനിമകളില്‍ പലതിലും കാന്‍സറിനെ വളരെ മാരകമായി വൃണങ്ങളോടുകൂടിയൊക്കെ ചിത്രീകരിക്കുന്നുണ്ട്. ഭീകരരോഗമായി തെറ്റിദ്ധാരണ പരത്തുമ്പോള്‍ ഓര്‍ക്കുക അത് ബാധിക്കുന്നത് നമ്മുടെ സഹോദരങ്ങളെയാണെന്ന്. രോഗം ബാധിച്ചാല്‍ അടുത്തത് മരണമാണെന്ന് കരുതി മരണത്തെ കാത്തിരുന്ന് ദിവസങ്ങള്‍ എണ്ണുന്ന നമ്മുടെ ചിന്താഗതി തന്നെ മാറ്റണം. കാന്‍സറിനെതിരെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന കഴിഞ്ഞ രണ്ട് വര്‍ഷമായി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യമാണ് ‘ഐ ആം ആന്‍ഡ് ഐ വില്‍’. കാന്‍സര്‍ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സ്ഥിതിവിവരപ്പട്ടികകളില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജീവിത ശൈലീ രോഗമാണ് കാന്‍സര്‍. അത് ഏത് പ്രായത്തിലും വരും. 80% കാന്‍സറുകളും കൃത്യസമയത്ത് കണ്ടുപിടിക്കപ്പെട്ടാല്‍ (സ്റ്റേജ് 1, 2) പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നവയാണ്. കാന്‍സറിന്റെ ലക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ കണ്ടു തുടങ്ങിയാല്‍ അല്ലെങ്കില്‍ എന്തങ്കിലും സംശയം ഉടലെടുത്താല്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്തെത്തുക എന്നതാണ് പ്രധാനം. അസ്വാഭാവികമായുണ്ടാവുന്ന അസുഖലക്ഷണങ്ങളെ അവഗണിക്കാതെ വേണ്ട പരിശോധനകള്‍ നടത്തുക എന്നതുമാത്രമാണ് ഇത് ഒഴിവാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം. ദേഹത്തുവരുന്ന അസാധാരണമായ പാടുകള്‍, മുഴകള്‍, അരിമ്പാറകള്‍, നിറവ്യത്യാസം എന്നിവ, നിര്‍ത്താതെയുള്ള ചുമ, അകാരണമായ രക്തസ്രാവം, എന്നിവ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ട ലക്ഷണങ്ങളാണ്.

കാന്‍സര്‍ എന്നത് ആധുനിക രോഗമാണ്. പണ്ടുകാലത്ത് ക്ഷയവും മലമ്പനിയും വസൂരിയുമെല്ലാം വളരെ മാരകമായ രോഗങ്ങളായിരുന്നു. രോഗികളെ നാടുകളില്‍ നിന്ന് ആട്ടിപ്പറഞ്ഞയച്ചിരുന്ന കഥകള്‍ വരെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് വസൂരിയെല്ലാം വന്നാല്‍ നമ്മള്‍ സധൈര്യത്തോടെ നേരിടുമെന്ന് മാത്രമല്ല രോഗം വന്ന ആളുകളെ ശുശ്രൂഷിക്കാനും മുന്നിട്ടിറങ്ങുന്നു. കാരണം മറ്റൊന്നുമല്ല, ഇന്നത്തെ ജനതയ്ക്കറിയാം മനശക്തിയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ഒറ്റമൂലിയെന്ന്. എന്നാല്‍ വൈദ്യശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിട്ടും കാന്‍സറിന്റെ കാര്യത്തില്‍ മാത്രം ജനങ്ങളുടെ ചിന്താഗതി ഇപ്പോഴും ആ പഴയ കാലത്തില്‍ തന്നെയാണ്. ഇതാണ് മാറ്റേണ്ടത്.

അര്‍ബുദം നമ്മളെ രണ്ടുതരത്തില്‍ ബാധിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരമ്പര്യമായി അര്‍ബുദം വരാനുളള സാധ്യത 10% ആണ്. ചില കാന്‍സറുകള്‍ ദോഷകരമായ കെമിക്കലുകളും, പൊടി, പുക, റേഡിയേഷന്‍ തുടങ്ങിയവയോടുള്ള ഇടപെടല്‍ കൊണ്ടു വരുന്നതാണ്. ശേഷിക്കുന്നവ നമ്മുടെ ജീവിതശൈലിയിലെ ഘടകങ്ങള്‍കൊണ്ടും. നമ്മുടെ ഭക്ഷണ രീതികള്‍, ദുശ്ശീലങ്ങള്‍, വിശ്രമം, വിനോദം അങ്ങനെ പലതിനെയും ആശ്രയിച്ചിരിക്കും അത്. പ്രോസ്‌ട്രേറ്റ്, കിഡ്‌നി, ബ്ലാഡര്‍, ബ്രെസ്റ്റ് കാന്‍സറുകള്‍ പൂര്‍ണ്ണമായും ഭേദപ്പെടുന്നവയാണ്.

ചികിത്സാരംഗത്ത് ഇന്നുണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ സഹായകരമായിട്ടുണ്ട്. ഇമ്യൂണോ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി എന്നിവ ഉദാഹരണങ്ങളാണ്. ജീന്‍ റീപ്‌ളേസ്‌മെന്റ് പോലുള്ള ജനിതക സാങ്കേതികരംഗത്തെ പുതിയ ട്രെന്‍ഡുകളും കാന്‍സര്‍ ചികിത്സയില്‍ ഗവേഷകരെ സഹായിക്കുന്നുണ്ട്.

കാന്‍സര്‍ ബാധിച്ചാല്‍ ജീവിതം മടുക്കുകയോ, സങ്കടപ്പെട്ട് വേണ്ട ചികിത്സ തേടാതെ വ്യാജവൈദ്യന്മാരുടെ അടുക്കല്‍ ചെന്ന് ഒറ്റമൂലികള്‍ പ്രയോഗിച്ച് അസുഖം വഷളാക്കുകയോ അല്ല ചെയ്യേണ്ടത്. മറിച്ച്, കൃത്യമായ ചികിത്സയാണ് സ്വീകരിക്കേണ്ടത്.

കൃതമായ ജീവിത ശൈലിയിലൂടെ ആര്‍ക്കും അതിജീവിക്കാവുന്ന ഒരു സാധാരണ രോഗം മാത്രമാണ് കാന്‍സര്‍. ആ ബോധ്യം സ്വയം ഉണ്ടായിരിക്കുകയും, മറ്റുളളവരെ അതേപ്പറ്റി ബോധവാന്മാരാക്കുകയും ചെയ്യണം. ഈ ‘ലോക കാന്‍സര്‍ ദിനം’ അതിനായുള്ള അവസരമാക്കി മാറ്റാം നമുക്ക്. നിങ്ങളുടെ ഒരു കൈമതി ഒരാളുടെ ആയുസ്സ് കൂട്ടാന്‍.

Top