വരുമാനം ഇടിഞ്ഞു; ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വെട്ടിച്ചുരുക്കി ലോകബാങ്ക്

ഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ച ലോകബാങ്ക് വെട്ടിച്ചുരുക്കി. നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമായിരിക്കും എന്നതാണ് ലോകബാങ്കിന്റെ പുതിയ അനുമാനം. നേരത്തെ 2023-24 സാമ്പത്തികവർഷത്തിൽ 6.6 ശതമാനം വളർച്ച നേടുമെന്നായിരുന്നു പ്രവചനം.

വരുമാന വളർച്ച മന്ദഗതിയിലായതിനെ തുടർന്ന് ഉപഭോഗം കുറഞ്ഞതാണ് രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിൽ മാറ്റം വരുത്താൻ കാരണമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം ഒക്ടോബർ- ഡിസംബർ പാദത്തിൽ 4.4 ശതമാനം വളർച്ചയാണ് ഇന്ത്യ നേടിയത്. മുൻ വർഷത്തെ സമാന കാലയളവിൽ 11.2 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ജൂലൈ- സെപ്റ്റംബർ പാദത്തിൽ 6.3 ശതമാനമായിരുന്നു വളർച്ചയെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തികവർഷം 6.5 ശതമാനം വളർച്ച നേടുമെന്നാണ് സാമ്പത്തിക സർവ്വേയുടെ കണക്കുകൂട്ടൽ. ഏഴു ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി വളർച്ച ചുരുങ്ങുമെന്നാണ് റിസർവ് ബാങ്കിന്റെ അനുമാനം.

Top