പ്രളയക്കെടുതി ; കേരളത്തിന്റെ പുനസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്‌

Kerala Police-flood

തിരുവനന്തപുരം : പ്രളയത്തില്‍ കേരളത്തിലുണ്ടായ നഷ്ടങ്ങളില്‍ വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്. ഇതുസംബന്ധിച്ച് ലോകബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റേയും എഡിബിയുടെ സംഘം സന്ദര്‍ശിച്ചതിന്റേയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ലോക ബാങ്കിന്റേയും എഡിബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

ദേശീയ സംസ്ഥാന പാതകളുടെ പുനസ്ഥാപനത്തിന് 8550 കോടി വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 5216 കോടിയും ജീവനോപാധി പുനസ്ഥാപിക്കുന്നതിന് 3801 കോടിയും വീടുകളുടെ പുനസ്ഥാപനത്തിന് 2534 കോടിയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 2093 കോടിയും ആവശ്യമായിവരും.

ജലവിഭവം, പൊതുകെട്ടിടങ്ങള്‍, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനസ്ഥാപിക്കുന്നതിനാവശ്യമായ തുകയും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.

Top