ലോകബാങ്ക് അമരത്തേക്ക് ഇന്ത്യന്‍ വംശജന്‍; അജയ് ബംഗയെ നിര്‍ദേശിച്ച് അമേരിക്ക

വാഷിങ്ടൺ: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനെ നിർദേശിച്ച് അമേരിക്ക. ഇന്ത്യൻ വംശജനും മാസ്റ്റർ കാർഡ് മുൻ സിഇഒയുമായ അജയ് ബംഗയെ ആണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ ലോകബാങ്ക് അധ്യക്ഷപദവിയിലേക്ക് നാമനിർദേശം ചെയ്തത്. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ് അജയ് ബംഗ.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തിയാണ് അജയ് ബംഗയെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നിലവിൽ ജനറൽ അറ്റ്‌ലാന്റിക് എന്ന ഇക്വിറ്റി സ്ഥാപനത്തിന്റെ വൈസ് ചെയർമാനാണ് 63 കാരനായ ബംഗ. നിലവിലെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഇതേത്തുടർന്നാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒഴിവു വരുന്നത്. മാർച്ച് 19 വരെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിക്കാം. 189 രാജ്യങ്ങളാണ് ലോകബാങ്കിൽ അംഗങ്ങളായുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും അജയ് ബംഗ.

2016 ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് മഹാരാഷ്ട്രയിലെ പൂനെയിൽ സിഖ് സൈനി കുടുംബത്തിലാണ്. പിതാവ് ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു. കുടുംബത്തിന്റെ യഥാർത്ഥ സ്വദേശം പഞ്ചാബിലെ ജലന്ധറിലാണ്. നെസ്ലെയിലൂടെയാണ് ബംഗ ബിസിനസ് കരിയറിന് തുടക്കം കുറിക്കുന്നത്.

Top