കൊവിഡ്; ഇന്ത്യയ്ക്ക് ലോക ബാങ്കിന്റെ 100 കോടി ഡോളറിന്റെ അടിയന്തര ധനസഹായം

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് ലോക ബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര ധനസഹായം.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്.

ലോകരാജ്യങ്ങള്‍ക്കുള്ള 1.9 ബില്യണ്‍ ഡോളര്‍ വരുന്ന ലോക ബാങ്കിന്റെ ആദ്യ ഘട്ട സഹായ പദ്ധതികള്‍ 25രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടിയന്തര സാമ്പത്തിക സഹായത്തിന്റെ ഏറ്റവും വലിയ ഭാഗം ഇന്ത്യയ്ക്കാണ് ലഭിച്ചത്.

മികച്ച സ്‌ക്രീനിംഗ്, കോണ്‍ടാക്റ്റ് ട്രേസിംഗ്, ലബോറട്ടറി ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയ്ക്ക് പിന്തുണ നല്‍കുക, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങുക, പുതിയ ഇന്‍സുലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുക, എന്നിവ ഒരുക്കാനാണ് സഹായം നല്‍കിയതെന്ന് ലോകബാങ്ക് അധികൃതര്‍ അറിയിച്ചു.

ദക്ഷിണേഷ്യയില്‍ ലോകബാങ്ക് പാകിസ്ഥാന് 200 മില്യണ്‍ ഡോളറും അഫ്ഗാനിസ്ഥാന് 100 മില്യണ്‍ ഡോളറും മാലദ്വീപ് 7.3 മില്യണ്‍ ഡോളറും ശ്രീലങ്കയ്ക്ക് 128.6 മില്യണ്‍ ഡോളറും അനുവദിച്ചു.

അടുത്ത 15 മാസത്തിനുള്ളില്‍ 160 ബില്യണ്‍ ഡോളര്‍ വരെ സഹായം നല്‍കുമെന്നും ലോകബാങ്ക് അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് ലോകബാങ്ക് അടുത്ത ഘട്ടത്തില്‍ സഹായിക്കുക.

വിശാലമായ സാമ്പത്തിക പരിപാടി വീണ്ടെടുക്കലിനുള്ള സമയം ചുരുക്കുക, വളര്‍ച്ചയ്ക്ക് സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ദരിദ്രരെയും ദുര്‍ബലരെയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സഹായം നല്‍കുന്നതെന്നുംലോകബാങ്ക് അധികൃതര്‍ അറിയിച്ചു.

Top