ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; സിന്ധു മത്സരിച്ചേക്കില്ല

ടോക്കിയോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് ജപ്പാനിലെ ടോക്കിയോയിൽ തുടക്കം. തോമസ് കപ്പിലും കോമൺവെൽത്ത് ഗെയിംസിലും പുലർത്തിയ മേധാവിത്വം തുടരാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ഉജ്വല ഫോമിലുള്ള പി വി സിന്ധു പരിക്കുമൂലം വിട്ടുനിൽക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകുമെങ്കിലും ആദ്യ റൗണ്ട് മത്സരങ്ങൾ നാളെ മുതലാണ് ആരംഭിക്കുക. 25 ന് ക്വാർട്ടർ ഫൈനലും 26 ന് സെമിയും നടക്കും. 27 നാണ് ഫൈനൽ മത്സരം. കോമൺവെൽത്ത് ഗെയിംസ് ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം നേടിയ പി.വി സിന്ധു ഇല്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം അടക്കം അഞ്ച് മെഡലുകൾ നേടിയ താരമാണ് സിന്ധു. കോമൺവെൽത്ത് ഗെയിംസിനിടെയുണ്ടായ പരിക്കാണ് സിന്ധുവിന് തിരിച്ചടിയായത്.

അതേസമയം, തോമസ് കപ്പിൽ ഉജ്വല പ്രകടനം നടത്തുകയും കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുകയും ചെയ്ത ലക്ഷ്യസെന്നിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് ലക്ഷ്യസെൻ. കിഡംബി ശ്രീകാന്തിൽ നിന്നും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. നിലവിലെ വെള്ളിമെഡൽ ജേതാവായ കിഡംബി കോമൺവെൽത്ത് ഗെയിസിൽ വെങ്കലം നേടിയിരുന്നു. വെറ്ററൻ താരം സൈന നെഹ്‌വാൾ ഫോമിലല്ലെങ്കിലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പലതവണ മികവ് തെളിയിച്ച താരമാണ്.

Top