ലോക അത്‌ലറ്റിക് മീറ്റ് ആറാം ദിനത്തിലേക്ക് ; ഇന്ത്യയുടെ അഭിമാനതാരം പി.യു ചിത്ര ഇന്നിറങ്ങും

ലോക അത്‌ലറ്റിക് മീറ്റിന്റെ ആറാം ദിനമായ ഇന്ന് മൂന്ന് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. ഇന്ത്യയ്ക്കാകെ ഇന്ന് ഒറ്റ മത്സരമേയുള്ളൂ. വനിതകളുടെ 1500 മീറ്ററിന്റെ ഹീറ്റ്‌സില്‍ രാജ്യത്തിനായി മത്സരിക്കാനിറങ്ങുന്നത് മലയാളി താരം പി.യു ചിത്രയാണ്.

പി.യു ചിത്ര മാത്രമാണ് ഇന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരം. ഇന്ന് സെമി ഫൈനലിലേക്ക് മുന്നേറാന്‍ കഴിഞ്ഞാല്‍ പോലും അത് ചരിത്രമാകും.

വനിതകളുടെ 200 മീറ്ററില്‍ ഫൈനലും ഇന്നാണ്. പുരുഷന്മാരുടെ ഹാമര്‍ത്രോ, വനിതകളുടെ 200 മീറ്റര്‍, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോക അത്‌ലറ്റിക് മീറ്റിന്റെ ആറാം ദിനം മെഡല്‍ ജേതാക്കളെ നിശ്ചയിക്കുക. ഇതില്‍ 200 മീറ്റര്‍ ഫൈനലാണ് ആകര്‍ഷക ഇനം. കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 100 മീറ്ററില്‍ വെള്ളി നേടിയ ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് ഏറ്റവും മികച്ച സമയം കുറിച്ച് ഇതിന്റെ ഫൈനലില്‍ കടന്നിട്ടുണ്ട്.

ഏഴ് സ്വര്‍ണമുള്‍പ്പെടെ മൊത്തം പതിനാറ് മെഡലുകളുമായി അമേരിക്ക മെഡല്‍ പട്ടികയില്‍ കുതിപ്പ് തുടരുകയാണ്. രണ്ട് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളുമായി ചൈന രണ്ടാമതും ജമൈക്ക മൂന്നാമതുമുണ്ട്.

Top