‘കോടതികളുടെ പ്രവർത്തനം’; ഗുജറാത്ത് സർക്കാറിന് സുപ്രീം കോടതി വിമർശനം

ദില്ലി: ജില്ലാ കോടതികളിലെ ഒഴിവുകൾ നികത്തൽ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഷയങ്ങളിൽ ഗുജറാത്ത് സർക്കാർ സ്വീകരിക്കുന്ന മെല്ലപ്പോക്കിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് സർക്കാർ നടപടിക്ക് ന്യായീകരണമില്ലെന്ന് വ്യക്തമാക്കി.

ഒഴിവുകൾ നികത്തൽ, കോടതികളുടെ അടിസ്ഥാന സൗകര്യം വികസനം അടക്കം നിരവധി ശുപാർശകളിൽ സർക്കാർ കഴിഞ്ഞ എട്ടു വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. എഴുപത്തിയഞ്ച് ശുപാർശകളിൽ 40 എണ്ണത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണം. ഇതിനായി ഹൈക്കോടതിയും സംസ്ഥാനസർക്കാരും തമ്മിൽ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇരുവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി നീരീക്ഷിച്ചു.

കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനായി തുക മാറ്റിവെക്കണമെന്നും സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും കേസിൽ കോടതി നിയോഗിച്ച അമിക്ക്യസ് ക്യൂറി വ്യക്തമാക്കി. കോടതികളുടെ വികസനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പിഴവുണ്ടെന്നും അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഗുജറാത്തിലെ കോടതികളിലെ ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച കേസിലെ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനും അഡ്വക്കേറ്റ് രഘുനാഥും കുറിപ്പ് പങ്കുവെച്ചു.

ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലെ 52 ഒഴിവുകൾ മാർച്ച് 31നകം വിജ്ഞാപനം ചെയ്യണം. സിവിൽ കോടതികളിലെ ജഡ്ജി സീനിയർ ഡിവിഷൻ റിക്രൂട്ട്‌മെന്റ് ഫെബ്രുവരി 20-നകം പൂർത്തിയാക്കണം അടക്കം നിർദ്ദേശങ്ങളും സുപ്രീം കോടതി നൽകി. രാജ്യത്തെ ജൂഡീഷ്യൽ രംഗത്തെ ഒഴിവുകൾ സംബന്ധിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി.

Top