കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസ്: കുറ്റപത്രം നല്‍കി

കൊച്ചി: കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ കുറ്റപത്രം നല്‍കി. 175 പേര്‍ക്കെതിരേ 524 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം നടത്തല്‍. മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തില്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, അസം, യുപി എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രതികള്‍.

ഡിസംബര്‍ 26 രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

 

Top