സംഘര്‍ഷം: കസാഖ്സ്ഥാനില്‍ മലയാളികളടക്കം 150-ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

ന്യൂഡല്‍ഹി : തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ഇതില്‍ 70ഓളം പേര്‍ മലയാളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്.

ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് വിവരം. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തില്‍ ചില തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഖനിമേഖലയായതിനാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്ന് ഒരു മലയാളി യുവാവാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.സഹായം അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികള്‍ സമീപിച്ചിട്ടുണ്ട്.

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല. എന്നാല്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കസാഖ്സ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു. അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും രണ്ട് ഇന്ത്യക്കാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നും വി മുരളീധരന്‍ അറിയിച്ചു. ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടല്‍ തുടരുകയാണെന്നും വി മുരളീധരന്‍ അറിയിച്ചു.

കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 150 ഓളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് കേരള സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ചുള്ള വിവരം കൈമാറാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം കസാഖ്സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്‌ലൈന്‍ നമ്പര്‍ തുറന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601,77012207603,77172925700,77172925717 എന്നീ നമ്പറുകളില്‍ വിളിക്കാം.

Top