ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ ജോലി ചെയ്തിട്ടുണ്ട് ; കല്‍ക്കി 2989 എഡി ചിത്രത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍

ഹൈദരാബാദ്: പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് കല്‍ക്കി 2989 എഡി. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അമിതാഭ് ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പടം മെയ് മാസത്തില്‍ റിലീസ് ചെയ്യാനിരിക്കെ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കിടുകയാണ് ബച്ചന്‍ തന്റെ ബ്ലോഗില്‍. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ ബച്ചന്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് ബ്ലോഗില്‍ പറയുന്നത്.

”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍ നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്… അതിനാല്‍ എല്ലാം അടുക്കിലും ചിട്ടയിലും ക്രമീകരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് മികച്ച അനുഭവം തന്നെ നല്‍കും ഇത് എല്ലാവരെയും അറിയിക്കുന്നു’ -ബച്ചന്‍ എഴുതി. നേരത്തെ ഇറങ്ങിയ ടീസറില്‍ അമിതാഭിന്റെ കഥാപാത്രത്തിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ലുക്ക് അനുസരിച്ച് ഹിന്ദു പുരാണം അനുസരിച്ചുള്ള ചിരഞ്ജീവിയുടെ വേഷമാണ് ബിഗ് ബി ചെയ്യുന്നത് എന്നാണ് സൂചന.

അതേ സമയം ബച്ചന്റെ കഥാപാത്രം ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് പരമ്പരയിലെ ഗാന്‍ഡല്‍ഫിനെ അനുസ്മരിപ്പിക്കുന്നുണ്ട്. കല്‍ക്കി 2898 എഡിയില്‍ കമല്‍ഹാസന്‍ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നുണ്ട് എന്നാണ് വിവരം. ചിത്രത്തില്‍ പ്രശാന്ത് നാരായാണനാണ് സംഗീതം നല്‍കുന്നത്. ദേശീയ പുരസ്‌കാരം നേടിയ മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രമാണ് കല്‍കി.

Top